ലഹരിക്കടത്ത്: സൗദിയിൽ അറസ്റ്റ് തുടരുന്നു
text_fieldsഅൽ ഖോബാർ: മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രാജ്യത്തുടനീളം നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജിദ്ദയിൽ മെത്താംഫെറ്റാമൈൻ കൈവശം വെച്ചതിന് അഞ്ചു പേരെ നാർകോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
പിടിയിലായവരിൽ നാലു പാകിസ്താൻ പൗരന്മാരും ഒരു ബംഗ്ലാദേശിയുമാണുള്ളത്. ആംഫെറ്റാമൈൻ, ഹഷീഷ്, രണ്ടു തോക്കുകൾ, വെടിമരുന്ന് എന്നിവ കൈവശം വെച്ചതിന് അൽ ജൗഫിൽ ഒരു പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആംഫെറ്റാമൈൻ വ്യാപാരത്തിന് ഹാഇലിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറ് ഒരാളെ പിടികൂടി. പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ച് പിടിച്ചെടുത്ത എല്ലാ മയക്കുമരുന്നുകളും അധികൃതർക്ക് കൈമാറി. അറസ്റ്റിലായ എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ദീർഘകാല ജയിൽവാസവും വധശിക്ഷയും ഉൾപ്പെടെ ശിക്ഷ കഠിനമാണ്. യുവാക്കളും കൗമാരക്കാരായ ആൺകുട്ടികളുമാണ് ആംഫെറ്റാമൈനുകൾ കൂടുതലായി ഉപയോഗിക്കുന്നത്. സംശയാസ്പദമായ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

