മയക്കുമരുന്ന് കടത്ത്; 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും
text_fieldsഅൽഖോബാർ: കുടുംബത്തെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയയാൾക്ക് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. ഉംറ തീർഥാടനത്തിനായി ഭാര്യ മക്കയിലേക്കു പോയ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്.
മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി അവ കൈവശം സൂക്ഷിച്ച കേസിൽ നാർകോട്ടിക് വിഭാഗം അന്വേഷണം പൂർത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക സ്രോതസ്സ് വ്യക്തമാക്കി. നാഡീവ്യവസ്ഥയെ ബാധിക്കുന്ന 4047 പ്രെഗബാലിൻ ഗുളികകൾക്കു പുറമെ 96 കിലോ ഹഷീഷും പ്രതിയുടെ പക്കൽ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മയക്കുമരുന്ന് ജിദ്ദയിലേക്ക് കടത്തുന്നതിന് മക്കയിലേക്ക് യാത്രപോയ ഭാര്യയുടെ വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനെ തുടർന്ന് കോടതി 20 വർഷത്തെ തടവും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

