സൗദിയിൽ മയക്കുമരുന്ന് വേട്ട ഊർജിതം
text_fieldsഅൽ ദുറ ബോർഡർ പോർട്ട് വഴി കടത്താൻ ശ്രമിച്ച 33,548 ആംഫെറ്റാമൈൻ ഗുളികകകൾ കസ്റ്റംസ് അധികൃതർ പിടികൂടിയപ്പോൾ
യാംബു: സൗദി അറേബ്യയിൽ മയക്കുമരുന്ന് പരിശോധന കർശനമാക്കിയതോടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ ദിവസവും പിടിയിലാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അതിർത്തി വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 33,548 ആംഫെറ്റാമൈൻ (കാപ്റ്റഗൺ) ഗുളികകളും 21 കിലോഗ്രാം മെത്താംഫെറ്റാമൈനും അധികൃതർ പിടികൂടി. സൗദിയിലേക്കുള്ള അതിർത്തി കവാടങ്ങളായ അൽ ദുറ, റുബുൽ ഖാലി പോർട്ടുകളിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നതെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ജോർദാനിൽനിന്ന് അൽ ദുറ പോർട്ടിലൂടെ കടക്കുന്നതിനിടെ പിടികൂടിയ രണ്ടു വാഹനങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. വാഹനത്തിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാപ്റ്റഗൺ ഗുളികകളെന്ന് അൽ ദുറ പോർട്ട് കസ്റ്റംസ് വക്താവ് ഹമൗദ് അൽ ഹർബി പറഞ്ഞു. റുബുൽ ഖാലി പോർട്ടിലെത്തിയ ഒരു ട്രക്കിൽ ഒളിപ്പിച്ച നിലയിൽ 21 കിലോഗ്രാം മെത്താംഫെറ്റാമൈൻ ലഹരി വസ്തുവും കണ്ടെത്തിയെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗവുമായി ഏകോപിപ്പിച്ച് മുഴുവൻ പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമൂഹ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും മയക്കുമരുന്നുകളിൽനിന്നും മറ്റ് നിരോധിത വസ്തുക്കളിൽനിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള അതോറിറ്റിയുടെ പഴുതടച്ചുള്ള പരിശോധന തുടരുകയാണ്. വിവിധ രീതിയിലുള്ള കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി എല്ലാ കര, കടൽ, വ്യോമ പ്രവേശന കേന്ദ്രങ്ങളിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അത്യാധുനിക ഉപകരണങ്ങളാൽ സജ്ജമായ നാർക്കോട്ടിക് കൺട്രോൾ വിഭാഗം യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികൾ തിരിച്ചറിയാനും പരിശീലനം സിദ്ധിച്ച വിദഗ്ധരടങ്ങുന്നവർ കൂടി ഉൾക്കൊള്ളുന്നതാണ്. ഇവരുടെ കണ്ണുകൾ വെട്ടിച്ച് സൗദിയിലേക്ക് മയക്കുമരുന്നുകളോ നിരോധിത വസ്തുക്കളോ കൊണ്ടുവരുന്നതിനുള്ള ശ്രമം ആത്മഹത്യാപരമാണ്. രാജ്യത്തേക്കുള്ള എല്ലാ പ്രവേശന സ്ഥലങ്ങളിലും കസ്റ്റംസ് നിയന്ത്രണം കടുപ്പിച്ച് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിലൂടെ രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി.
സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്‌ലൈൻ നമ്പർ വഴിയോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന ടോൾഫ്രീ നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ശരിയായ വിവരം അറിയിക്കുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുന്നതിനൊപ്പം അവരുടെ വിവരങ്ങൾ രഹസ്യമാക്കിവെക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

