വിവാഹാനുമതിക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന സർട്ടിഫിക്കറ്റും നിർബന്ധമായേക്കും
text_fieldsറിയാദ്: സൗദി അറേബ്യയിൽ വിവാഹം കഴിക്കണമെങ്കിൽ മയക്കുമരുന്നിന് അടിമയല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. വിവാഹപൂർവ പരിശോധനകളിൽ മയക്കുമരുന്നുപയോഗം കൂടി ഉൾപ്പെടുത്തണമെന്ന് പാർലമെന്റായ ശൂറാ കൗൺസിലിൽ ആവശ്യമുയർന്നു.
സൗദിയിലെ മുൻ ഭരണാധികാരി ഫഹദ് രാജാവിന്റെ മകൾ അമീറ ജൗഹറ രാജകുമാരി ഉൾപ്പെടെയുള്ള ഒരുസംഘം കൗൺസിൽ മെംബർമാരാണ് ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച നിയമാവലിയിലെ 32-ാമത് ഖണ്ഡികയിൽ മാറ്റം വരുത്തി വധൂവരന്മാർ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ അല്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകൾ കൂടി ഉൾപ്പെടുത്തുന്നത് മയക്കുമരുന്നിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനു പിന്തുണയേകുന്നതാണെന്ന് കൗൺസിൽ അംഗം ആദിൽ ജർബാഅ അഭിപ്രായപ്പെട്ടു.
നിരവധി സാമൂഹ്യപ്രശ്നങ്ങളുടെയും വിവാഹമോചനത്തിന്റെയും അടിസ്ഥാന കാരണം ഭാര്യാഭർത്താക്കന്മാരുടെ മയക്കുമരുന്നുപയോഗമാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ മുൻനിർത്തി വിവാഹപൂർവ പരിശോധനയിൽ മയക്കുമരുന്നുപയോഗം ഇല്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉൾപ്പെടുത്തണമെന്ന് പ്രമേയത്തിന് പിന്തുണ നൽകിയ അംഗങ്ങൾ പറഞ്ഞു.
ഈമാൻ ജിബ്രീൻ, അബ്ദുറഹ്മാൻ അൽ റാജ്ഹി, മുഹമ്മദ് അൽ മസ്യദ്, ഡോ. ഹാദി അൽയാമി തുടങ്ങിയവരും പ്രമേയത്തെ പിന്തുണച്ച് ശൂറ കൗൺസിലിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

