സൗദിയിൽ ലഹരി വേട്ട തുടരുന്നു; സ്വദേശികളും വിദേശികളും പിടിയിൽ
text_fieldsജിദ്ദ: സൗദിയുടെ വിവിധ മേഖലകളിൽ ലഹരിവേട്ടയും അനധികൃത കള്ളക്കടത്തുകൾ പിടികൂടുന്നതും തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ സ്വദേശികളും വിദേശികളുമായ നിരവധി പേരെ പിടികൂടിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം അറിയിച്ചു.
ലഹരി മരുന്നുകളുടെ ഇറക്കുമതി തടയാൻ രാജ്യത്തെ വിവിധ കസ്റ്റംസുകളിലും മറ്റും ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരെ കഴിഞ്ഞദിവസങ്ങളിലും പിടികൂടിയിട്ടുണ്ട്. 1,902 ലഹരി ഗുളികകൾ കൈവശം വെച്ചതിനും അതിന്റെ വ്യാപാരത്തിനും ശ്രമിച്ച രണ്ട് സൗദി പൗരന്മാരെ അസീർ പ്രവിശ്യയിൽനിന്നും പിടികൂടിയത് രണ്ടു ദിവസങ്ങൾക്ക് മുമ്പാണ്. റഫ്രിജറേഷൻ യൂനിറ്റിനുള്ളിൽ കോഴിയിറച്ചിക്കിടയിലൂടെ 46.8 കിലോഗ്രാം കൊക്കെയ്ൻ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ ജിദ്ദയിലെ ഇസ്ലാമിക് പോർട്ടിൽനിന്നും പിടികൂടിയതും കഴിഞ്ഞ ദിവസമാണ്.
ശനിയാഴ്ച ജിദ്ദയിൽ രണ്ട് കിലോ ‘മെത്താംംഫെറ്റമിൻ’ പൊടിയുമായി രണ്ട് പാകിസ്താൻ പൗരന്മാരെയും അറസ്റ്റ് ചെയ്തതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. സൗദിയിലേക്കുള്ള കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെടുകയോ കുറ്റവാളികളെ കണ്ടെത്തുകയോ ചെയ്താൽ ആ വിവരം രാജ്യത്തെ ഏതെങ്കിലും സുരക്ഷാവിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അധികൃതരെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ 995 നമ്പറിൽ വിളിച്ചുപറയുകയോ 995@gdnc.gov.sa എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.