ഹറം മുറ്റങ്ങളിലും മത്വാഫിലും തണലൊരുക്കാൻ പദ്ധതി; നിർമാണം ഹജ്ജിന് ശേഷം
text_fieldsജിദ്ദ: മക്ക ഹറം മുറ്റങ്ങളിലും മത്വാഫിലും തണലൊരുക്കുന്ന പദ്ധതി ഇൗ വർഷത്തെ ഹജ്ജ് കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു. ‘വിശുദ്ധ ഭൂമിയും മീഡിയയും’ എന്ന തലക്കെട്ടിൽ നടന്ന മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം റമദാന് മുമ്പ് പൂർത്തിയാക്കും. ഇൗ വർഷത്തെ റമദാനെ വരവേൽക്കാനുള്ള ഒരുക്കങ്ങളെയും മറ്റ് പ്രവർത്തനങ്ങളെയും സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘വിഷൻ 2030’െൻറ ഭാഗമായി വിപുലമായ സേവനങ്ങൾക്കാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. തീർഥാടകർക്ക് മികച്ച സേവനസൗകര്യമൊരുക്കും.
അടുത്തിടെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഹറം സന്ദർശിച്ചിരുന്നു. അത് ഇരുഹറം വികസന പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളെ ത്വരിതഗതിയിലാക്കിയിരുന്നു. രാജ്യം പ്രഥമ പരിഗണന നൽകുന്നത് ഇരുഹറമുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ്. കിരീടാവകാശിയുടെ സന്ദർശന ശേഷം പൂർത്തീകരിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. തീർഥാടകർക്ക് വേഗത്തിലും മികച്ചതുമായ സേവനങ്ങൾ ലഭ്യമാക്കാൻ നിരവധി കാമ്പയിനുകൾ സംഘടിപ്പിച്ചു. അത് നല്ല ഫലം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റമദാനിലെ പ്രത്യേക സേവനത്തിന് സ്ത്രീകളും പുരുഷന്മാരുമായി 10,000ത്തിലധികം പേർ രംഗത്തുണ്ടാകും. ഏകീകൃത ടെലിഫോൺ സേവന സൗകര്യം ആരംഭിച്ചിട്ടുണ്ട്. 60ഒാളം വകുപ്പുകൾ സേവനനിരതമായി രംഗത്തുണ്ടാകും. ഹറം ലൈബ്രററിയുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി. അരലക്ഷം പുതിയ നമസ്കാര വിരിപ്പുകൾ വിരിച്ചു. വികസന നടപടികൾ പൂർത്തിയായ ഭാഗങ്ങളിൽ തീർഥാടകരെ റമദാനിൽ പ്രവേശിപ്പിക്കും. അതോടെ മൂന്ന് ലക്ഷം പേർക്ക് കൂടി നമസ്കരിക്കാൻ സൗകര്യമുണ്ടാകും. വികസന നടപടികൾ മുഴുവൻ പൂർത്തിയാകുന്നതോടെ 20 ലക്ഷത്തിലധികം പേർക്ക് ഹറമിൽ നമസ്കരിക്കാൻ കഴിയും. സ്ത്രീകളുടെ കാര്യങ്ങൾക്കായി പ്രത്യേക വകുപ്പ് തന്നെ പ്രവർത്തിക്കുന്നുണ്ട്. വിഷൻ 2030 ലക്ഷ്യമിട്ട് സ്ത്രീകളുടെ തൊഴിൽ മേഖലയും വികസിപ്പിക്കുന്നുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
