തീരപ്രദേശങ്ങളിലെ മലിനീകരണം ഇനി ഡ്രോണുകൾ നിരീക്ഷിക്കും
text_fieldsഡ്രോണുകൾ ഉപയോഗിച്ചുള്ള തീരപ്രദേശങ്ങളിലെ മലിനീകരണ നിരീക്ഷണത്തിന്
തുടക്കം കുറിച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ സമുദ്രതീര പ്രദേശങ്ങളിലെ മലിനീകരണം ഇനി ഡ്രോണുകൾ നിരീക്ഷിക്കും. മറൈൻ വർക്ക്സ് എൻവയോൺമെന്റ് സർവിസസ് കമ്പനി (സീലി)ന്റെ സഹകരണത്തോടെ നാഷനൽ സെന്റർ ഫോർ എൻവയൺമെന്റൽ ആണ് ഡ്രോണുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ തീരങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പരിപാടി ആരംഭിച്ചിരിക്കുന്നത്. മലിനീകരണ രീതികൾ നിരീക്ഷിച്ചും വിശകലനം ചെയ്തും സമുദ്രവിഭവങ്ങളുടെ സംരക്ഷണം വർധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
പരിസ്ഥിതി നിരീക്ഷണത്തിനുള്ള ഗുണപരമായ പുതിയൊരു സംവിധാനമെന്ന നിലയിലാണ് ഡ്രോണുകൾ ഉപയോഗിക്കുന്നതെന്ന് നിരീക്ഷണ ശൃംഖലകളുടെ ഡയറക്ടർ ജനറൽ എൻജി. ആമിർ ബാ മുനിഫ് പറഞ്ഞു. നിരീക്ഷണത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനും മലിനീകരണ സ്രോതസ്സുകൾ കണ്ടെത്തുന്നതിന് ആവശ്യമായ സമയവും പരിശ്രമവും കുറക്കുന്നതിനും മലിനീകരണത്തിന്റെ കാരണങ്ങളെയും അതിന്റെ ഉത്തരവാദികളെയും തിരിച്ചറിയുന്നതിനും ദ്രുതഗതിയിലുള്ള ഇടപെടൽ സാധ്യമാക്കുന്നതിനും ഇത് വലിയ സഹായം ചെയ്യും. രാജ്യത്തിന്റെ തീരങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കുമെന്നും ബാ മുനീഫ് പറഞ്ഞു.
തെർമൽ കാമറ, ഉയർന്ന റെസല്യൂഷൻ ഇമേജറി എന്നിവയുൾപ്പെടെ നൂതന സംവിധാനങ്ങൾ ഡ്രോണുകളിൽ സജീകരിച്ചിട്ടുണ്ടെന്ന് ‘സീൽ’ എൻജിനീയർ ഫാരിസ് അൽ സഅ്ദൂൻ പറഞ്ഞു. 1.2 കിലോമീറ്റർ അകലെ വരെ മലിനീകരണ സ്രോതസ്സുകളെ നിരീക്ഷിച്ചത് ഇതിന് പറക്കാൻ കഴിയും. ഏകദേശം 55 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒറ്റ പറക്കലിൽ 20 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
ചിത്രങ്ങളും വിവരവും നേരിട്ട് കൺട്രോൾ റൂമുകളിലേക്ക് അയക്കുകയും സാമ്പിളുകൾ പരിശോധിച്ച് കണ്ടെത്തുന്ന വിവരങ്ങൾ റിപ്പോർട്ട് തയാറാക്കുന്ന കേന്ദ്രത്തിലെ നിശ്ചിത സംഘങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഇത് പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്തുകയും തീരദേശ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്യുമെന്നും അൽ സഅ്ദൂൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

