പെർമിറ്റ് ഇല്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടാൻ ഡ്രോണുകളും
text_fieldsമക്കയിൽ അനധികൃതരെ കണ്ടെത്താൻ
ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന
മക്ക: പെർമിറ്റ് ഇല്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടാൻ ഡ്രോണുകളും ആധുനിക സാങ്കേതികവിദ്യകളും. ഹജ്ജ് സുരക്ഷ സേനക്ക് കീഴിലാണ് നിയമലംഘകരെ പിടികൂടാൻ നിർമിത ബുദ്ധിയും ഉയർന്ന റെസലൂഷൻ കാമറകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളും ഉൾപ്പെടുത്തി സജീവമാക്കിയിരിക്കുന്നത്. സൂക്ഷ്മമായ നിരീക്ഷണ പദ്ധതിയുടെ ഭാഗമാണിത്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ഡ്രോണുകളാണ്. പുണ്യസ്ഥലങ്ങളിലെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനും പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്ന നിയമലംഘകരെ തിരിച്ചറിയുന്നതിനും ഇത് ഉപയോഗിക്കും.
ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം സംവിധാനങ്ങൾ. നിയമലംഘകരെയും നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വാഹനങ്ങളെയും നിരീക്ഷിക്കുന്നതിനും അനധികൃതമായി ഹജ്ജ് നടത്തുന്ന നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന ടൂറുകൾ നടത്തുന്ന ഉയർന്ന റെസല്യൂഷൻ കാമറ ഘടിപ്പിച്ച ഡ്രോണുകളുടെ വിഡിയോ ക്ലിപ് പൊതുസുരക്ഷ വകുപ്പ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചു.
ഇത് ഹജ്ജ് സീസണിൽ സുരക്ഷ സംവിധാനം കൈവരിച്ച വികസന നിലവാരത്തെ സൂചിപ്പിക്കുന്നു. ‘പെർമിറ്റ് ഇല്ലാതെ ഹജ്ജ് പാടില്ല’ എന്ന സന്ദേശം നടപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ പിഴ ചുമത്തുന്നതിനുമുള്ള സുരക്ഷ അധികാരികളുടെ പ്രതിബദ്ധത ഇത് ഊന്നിപ്പറയുന്നു. നിർമിതബുദ്ധി സാങ്കേതികവിദ്യകൾ, തെർമൽ കാമറകൾ, നൂതന ചെക്ക്പോസ്റ്റുകൾ എന്നിവ ഉൾപ്പെടുന്ന സൂക്ഷ്മമായ നിരീക്ഷണ പദ്ധതിയുടെ ഭാഗമാണ് ഈ ഡ്രോണുകൾ. സുരക്ഷാ മേഖലയിലെ ഡിജിറ്റൽ പരിവർത്തനം വർധിപ്പിക്കുന്നതിനും എല്ലാ തീർഥാടകർക്കും സുരക്ഷിതവും സംഘടിതവുമായ ഹജ്ജ് സീസൺ ഉറപ്പാക്കുന്നതിനുമുള്ള സൗദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

