ഡെലിവറി സേവനത്തിന് ഡ്രൈവറില്ലാത്ത വാഹനം, പരീക്ഷണ ഓട്ടത്തിന് തുടക്കം
text_fieldsഡ്രൈവറില്ലാത്ത വാഹനം ഉപയോഗിച്ചുള്ള ഡെലിവറി സേവന സംവിധാനത്തിന്റെ പരീക്ഷണ ഓട്ടത്തിന് ഗതാഗത, ലോജിസ്റ്റിക്സ് ഉപമന്ത്രിയും പൊതുഗതാഗത അതോറിറ്റി ആക്ടിങ് ചെയർമാനുമായ റുമൈഹ് അൽ മൈഹ് ഉദ്ഘാടനം നിർവഹിക്കുന്നു
റിയാദ്: ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനത്തിന്റെ പരീക്ഷണം ആരംഭിച്ചതായി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ജാഹിസ്, റോഷൻ ഗ്രൂപ് എന്നീ കമ്പനികൾ തമ്മിൽ സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കുന്നത്. റിയാദ് എയർപ്പോർട്ട് റോഡിലെ റോഷൻ ഫ്രന്റി ബിസിനസ് സെന്ററിൽ നടന്ന പരീക്ഷണ ഓട്ടം ഗതാഗത, ലോജിസ്റ്റിക്സ് ഉപമന്ത്രിയും പൊതുഗതാഗത അതോറിറ്റി ആക്ടിങ് ചെയർമാനുമായ റുമൈഹ് അൽറുമൈഹ് ഉദ്ഘാടനം നിർവഹിച്ചു.
ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ ആധുനിക സാങ്കേതികവിദ്യകളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിന് വലിയ പ്രാധാന്യം നൽകുന്നുവെന്ന് അൽറുമൈഹ് പറഞ്ഞു. സ്മാർട്ട് സിറ്റികളെ പിന്തുണക്കുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്ന ഒരു നൂതന ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിട്ട് ഈ പരീക്ഷണത്തെ കണക്കാക്കുന്നു.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരതയെ പിന്തുണക്കുന്നതിനും സഹായിക്കുന്ന ഒരു സ്മാർട്ട് ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമാണിത്. മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തിന്റെ ശ്രമങ്ങളുടെ വിപുലീകരണമാണ് സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ ഉപയോഗിച്ച് ഡെലിവറി സേവനത്തിന്റെ പരീക്ഷണമെന്നും അൽറുമൈഹ് പറഞ്ഞു.
സ്വയം ഡ്രൈവ് വാഹനങ്ങളെ അടിസ്ഥാനമാക്കിയുള്ള നൂതനവും സുരക്ഷിതവുമായ ഡെലിവറി പരിഹാരങ്ങൾ നൽകുക, ലോജിസ്റ്റിക് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ കമ്യൂണിറ്റികളിൽ ആധുനിക സാങ്കേതിക അനുഭവം നൽകുക എന്നിവയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. സ്മാർട്ട് ലോജിസ്റ്റിക് സേവനങ്ങൾ വികസിപ്പിക്കുന്നതിൽ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സംയോജനത്തിനുള്ള ഒരു പ്രായോഗിക മാതൃകയെ ഈ സംരംഭം പ്രതിനിധീകരിക്കുന്നു.
കൂടാതെ കൂടുതൽ വികസിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള പൊതുഗതാഗത അതോറിറ്റിയുടെ ദിശയെ ഇത് പ്രതിഫലിപ്പിക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങൾ സ്വീകരിക്കുന്നതിന്റെ വിപുലീകരണമായിട്ടാണ് ഈ സംവിധാനം. ഗതാഗത മേഖലയിലെ ഏറ്റവും പുതിയ സ്മാർട്ട് കണ്ടുപിടിത്തങ്ങൾ സ്വീകരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പൊതുഗതാഗത അതോറിറ്റി കഴിഞ്ഞയാഴ്ച റിയാദിൽ സ്വയം ഡ്രൈവ് ചെയ്യുന്ന ടാക്സി വാഹനങ്ങൾ പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

