പ്രവാസി ഭാരതീയ സമ്മാൻ ഡോ. സയ്യിദ് അൻവർ ഖുർഷിദ് ഏറ്റുവാങ്ങി
text_fieldsറിയാദ്: വിദേശ ഇന്ത്യക്കാർക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് സ്വീകരിച്ച് ഡോ. സയ്യിദ് അൻവർ ഖുർഷിദ്. ഈ വർഷം സൗദി അറേബ്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് കർണാടക ഗുൽബർഗ സ്വദേശിയും റിയാദിൽ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായ ഡോ. ഖുർഷിദ് മാത്രമാണ്. വെള്ളിയാഴ്ച ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന 18ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.
ലോകത്തിന്റെ നാനാദിക്കുകളിൽനിന്ന് ഈ വർഷം 27 പേരാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഗൾഫ് മേഖലയിൽനിന്ന് ഡോ. ഖുർഷിദ് ഉൾപ്പെടെ രണ്ടുപേർ മാത്രമാണ് ആ പട്ടികയിൽ ഉൾപ്പെട്ടത്. യു.എ.ഇയിലെ ബിസിനസുകാരനായ രാമകൃഷ്ണൻ ശിവസ്വാമി അയ്യരാണ് മറ്റൊരാൾ.
സൗദിയിൽ 40 വർഷത്തോളമായ ആരോഗ്യ ശുശ്രൂഷാരംഗത്ത് സേവനമനുഷ്ഠിക്കുന്ന ഡോ. ഖുർഷിദ് ഇന്റൻസീവ് കെയർ മെഡിസിൻ വിദഗ്നാണ്. ത്വാഇഫ് കിങ് ഫൈസൽ ആശുപത്രിയിൽ 2014 വരെ സേവനം അനുഷ്ഠിച്ചു. ശേഷം റിയാദിലേക്ക് കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി-നാഷനൽ ഗാർഡ് ആശുപത്രിയിൽ റോയൽ പ്രോട്ടോക്കോൾ ഫിസിഷ്യനായി പ്രവർത്തിക്കുന്നു.
സാമൂഹികപ്രവർത്തകൻ കൂടിയായ അദ്ദേഹം ത്വാഇഫിൽ ഇന്ത്യൻ സ്കൂൾ സ്ഥാപകനായി. ഹജ്ജ് സേവന രംഗത്ത് മൂന്ന് പതിറ്റാണ്ട് തുടർച്ചയായി പ്രവർത്തിച്ചു. എല്ലാ വർഷവും ഹജ്ജ് കാലത്ത് മക്കയിലെ മിന ആശുപത്രിയിൽ സേവനം ചെയ്തു. കോവിഡ് കാലത്തും സജീവമായി. കോവിഡ് സംബന്ധിച്ച പൊതുജന ബോധവത്കരണത്തിന് സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച കാമ്പയിനിൽ ഉൾപ്പെടുത്തിയ മൂന്ന് ഇന്ത്യൻ പാനലിസ്റ്റുകളിൽ ഒരാൾ ഡോ. ഖുർഷിദായിരുന്നു.
റിയാദിൽ ഇന്ത്യൻ എംബസിക്ക് കീഴിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റിയിൽ തുടക്കം മുതൽ അംഗമാണ്. ഇന്ത്യ-സൗദി ഹെൽത്ത് കെയർ ഫോറം വൈസ് ചെയർമാൻ പദവിയും വഹിക്കുന്നു. നിരവധി സംഘടനകളുടെ ഉപദേശകനായും പ്രവർത്തിക്കുന്നു. ഗുൽബർഗ വെൽഫെയർ സൊസൈറ്റിയിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. അതിന്റെ ആയുഷ്കാല അംഗമാണ്. ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാൻ ഡോ. ഖുർഷിദിനൊപ്പം പത്നി അൻജുമും എത്തിയിരുന്നു.
2003ൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥാപിച്ച പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് സൗദിയിൽനിന്ന് ഇതുവരെ ഡോ. ഖുർഷിദ് ഉൾപ്പെടെ ഏഴുപേരാണ് അർഹരായത്.
ഫഹദ് രാജാവിന്റെ സ്വകാര്യ ഫിസിഷ്യനായിരുന്ന ഡോ. മാജിദ് ഖാസിക്ക് 2006ലും ജിദ്ദ ഇന്ത്യൻ സ്കൂൾ സ്ഥാപകനായ റഫിയുദ്ദീൻ ഫസുൽഭോയ്ക്ക് 2008ലും പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. എം.എസ്. കരീമുദ്ദീന് 2011ലും റിയാദിലെ മലയാളി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന് 2014ലും റിയാദ് ഇന്ത്യൻ സ്കൂൾ സ്ഥാപക കൂടിയായ വിദ്യാഭ്യാസ പ്രവർത്തക സീനത്ത് ജാഫ്രിക്ക് 2017ലും പ്രവാസി വ്യവസായിയും മലയാളിയുമായ ഡോ. സിദ്ദീഖ് അഹ്മദിന് 2021ലും പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.