ഡോ. സ്വാലിഹ് ബിൻ ഹുമൈദ് അറഫ പ്രസംഗം നടത്തും
text_fieldsഡോ. സ്വാലിഹ് ബിൻ ഹുമൈദ്
റിയാദ്: ഈ വർഷത്തെ ഹജ്ജിലെ അറഫ പ്രഭാഷണം ഡോ. സ്വാലിഹ് ബിൻ ഹുമൈദ് നടത്തും. മക്ക ഹറം ഇമാമും ഖത്തീബുമായ ഡോ. സ്വാലിഹ് ബിൻ ഹുമൈദിനെ അറഫ പ്രസംഗം നടത്തുന്നതിന് സൽമാൻ രാജാവ് അംഗീകാരം നൽകിയതായി ഇരുഹറം മതകാര്യ പ്രസിഡൻസി വ്യക്തമാക്കി. ഹിജ്റ 1369ൽ ഖസിം പ്രവിശ്യയിലെ ബുറൈദയിലാണ് ബിൻ ഹുമൈദ് ജനിച്ചത്. മക്കയിലാണ് ഹൈസ്കൂൾ പഠനം നടത്തിയത്. തുടർന്ന് കോളജ് ഓഫ് ശരീഅത്ത് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദം നേടി.
ഹിജ്റ 1396ൽ ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. ഹിജ്റ 1402ൽ അതേ യൂനിവേഴ്സിറ്റിയിൽനിന്ന് മികച്ച ഓണേഴ്സ് ബിരുദത്തോടെ പി.എച്ച്.ഡി നേടി. ഉമ്മുൽ ഖുറ സർവകലാശാലയിലെ ശരീഅ ഫാക്കൽറ്റിയിൽ ടീച്ചിങ് അസിസ്റ്റായി. പിന്നീട് അതേ യൂനിവേഴ്സിറ്റിയിൽ ലക്ചററായി. പിന്നീട് അസിസ്റ്റന്റ് പ്രഫസറായി. ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ തലവനായി.
ഹറമിൽ ഇമാമായി നിയമിതനായ ആദ്യത്തെ ഡോക്ടറേറ്റ് ബിരുദമുള്ള വ്യക്തിയാണ് ബിൻ ഹുമൈദ്. പിന്നീട് ഇരുഹറമുകളുടെ ഉപമേധാവി നിയമിതനായി. ഹിജ്റ 1414-1421 കാലഘട്ടത്തിൽ ശൂറ കൗൺസിൽ അംഗമായി. 1421ൽ ഇരുഹറമുകളുടെ മേധാവിയായി നിയമിതനായി.
ഹിജ്റ 1422ൽ ശൂറാ കൗൺസിലിന്റെ ചെയർമാനായി നിയമിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഹിജ്റ 1430ൽ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ചെയർമാനായി നിയമിതനായി.
1433ൽ അദ്ദേഹത്തിന്റെ അഭ്യർഥനയെ തുടർന്ന് സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും മന്ത്രി പദവിയോടെ റോയൽ കോർട്ടിന്റെ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

