സൗദിയിലും നീറ്റ് പരീക്ഷാ കേന്ദ്രം: അധികൃതരെ അഭിനന്ദിച്ച് ഡോ. സിദ്ദീഖ് അഹമ്മദ്
text_fieldsഡോ. സിദ്ദീഖ് അഹമ്മദ്
ദമ്മാം: സൗദിയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് (നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷാ കേന്ദ്രം അനുവദിച്ചതിൽ അധികൃതർക്ക് നന്ദിയും അഭിനന്ദനവും അർപ്പിച്ച് പ്രവാസി സമ്മാൻ പുരസ്കാര ജേതാവും വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദ്. റിയാദിലെ കേന്ദ്രത്തിൽ കുട്ടികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുന്നത് എക്കാലത്തേയും മികച്ച ചരിത്രമായി രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിപ്പിക്കുന്നതിന് അധികൃതരുടെ മുന്നിൽ ശക്തമായ സമ്മർദം ചെലുത്താനായ ചാരിതാർഥ്യത്തിലാണ് അദ്ദേഹം. കഴിഞ്ഞ വർഷം ഇത് സാധ്യമാക്കാൻ ഏറെ ശ്രമിച്ചെങ്കിലും സാങ്കേതിക വിഷയങ്ങളിൽ കുടുങ്ങി സാധ്യമാകാതെ വരികയായിരുന്നു. എങ്കിലും ഇത്തവണയെങ്കിലും ഇത് സാധ്യമാക്കിയ അധികൃതരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ അംബാസഡറെ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ അഭ്യർഥിച്ചിരുന്നു. ഇത്തണ റിയാദിൽ മാത്രമാണ് സെൻറർ അനുവദിക്കപ്പെട്ടിട്ടുള്ളത്. വരും വർഷങ്ങളിൽ സൗദിയുടെ മറ്റ് ഭാഗങ്ങളിലും സെൻറർ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനായി ശ്രമം തുടരുമെന്നും സിദ്ദീഖ് പറഞ്ഞു. 224 ആൺകുട്ടികളും 77 പെൺകുട്ടികളും ഉൾപ്പടെ 301 പേരാണ് നീറ്റ് പരീക്ഷക്കായി ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാട്ടിലേക്കുള്ള യാത്രാസംവിധാനങ്ങൾ തുറന്നതോടെ നിരവധി പേർ പരീക്ഷയെഴുതാനായി നാട്ടിലേക്കും പോയിട്ടുണ്ട്.
സൗദിയിൽ വർഷംതോറും സയൻസ് വിഭാഗത്തിൽ പ്ലസ്ടു പരീക്ഷ എഴുതുന്നത് 1,200 ഓളം കുട്ടികളാണ്. ഇവരിൽ ഭൂരിഭാഗവും എൻട്രൻസിനെ ആശ്രയിക്കുന്നവരാണ്. മികച്ച വിജയം നേടുന്ന വിദ്യാർഥികളാണ് സൗദിയിലെ സ്കുളുകളിൽ ഉള്ളത്. ജി.സി.സിയിലെ മറ്റ് രാജ്യങ്ങളിൽ നീറ്റ് കേന്ദ്രം അനുവദിച്ച അധികൃതർ സൗദിയിലും ഇത് സാധ്യമാക്കിയത് ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വലിയ കുതിപ്പിന് വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദിയിൽ നിന്ന് ഔദ്യോഗിക ജീവിതം കഴിഞ്ഞ് മടങ്ങിയ മുൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഈ വഷിയത്തിൽ നടത്തിയ ആത്മാർഥമായ ഇടപെടലുകളെയും അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയമെത്തിക്കുകയും സൗദി അധികൃതരുമായി അനുമതിക്കുള്ള ചർച്ച നടത്തുകയും ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചതായും സിദ്ദീഖ് അഹമ്മദ് പറഞ്ഞു. സൗദിയിലെ വിവിധ സംഘടനകളും രക്ഷാകർതൃ സമിതിയുമൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു. പ്രവാസികളുടെ കൂട്ടായ വിജയം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച റിയാദ് ഇൻർനാഷനൽ സ്കൂൾ കേന്ദ്രത്തിൽ കുട്ടികൾ നീറ്റ് പരീക്ഷ പൂർത്തിയാക്കുമ്പോൾ സൗദിയുടെ പ്രവാസ ചരിത്രത്തിലും അത് എഴുതിച്ചേർക്കപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

