ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ സൗദി അറേബ്യയുടെ പുതിയ ഗ്രാൻഡ് മുഫ്തി
text_fieldsശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ
റിയാദ്: സൗദി അറേബ്യയുടെ പുതിയ ഗ്രാൻഡ് മുഫ്തി (പരമോന്നത മതപണ്ഡിതൻ) ആയി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാനെ നിയമിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നിയമനം. ഗ്രാൻഡ് മുഫ്തി പദവിയോടൊപ്പം ഉന്നത പണ്ഡിത സമിതിയുടെ അധ്യക്ഷൻ, പൊതു വൈജ്ഞാനിക ഗവേഷണ വിഭാഗത്തിൻ്റെ (ഇഫ്താ) ജനറൽ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കും. അന്തരിച്ച മുൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖിൻ്റെ നിര്യാണത്തെ തുടർന്നാണ് പുതിയ നിയമനം.
സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സമിതിയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ. ഇസ്ലാമിക പഠനങ്ങളിലും ഫിഖ്‌ഹിലും (കർമ്മശാസ്ത്രം) അദ്ദേഹത്തിന്റെ അഗാത പാണ്ഡിത്യം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ശരീഅത്തിലെ നിയമപരമായ വിഷയങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് നിർണായകമാണ്. സൗദിയിലെ അൽഖസീം പ്രവിശ്യയിലെ അശ്ശിമാസിയ്യയിൽ 1935 ലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽ ത്തന്നെ ഖുർആനും വായനയുടെയും എഴുത്തിൻ്റെയും അടിസ്ഥാന പാഠങ്ങൾ പഠിച്ചു. റിയാദിലെ ശരിഅ കോളേജിൽ നിന്ന് ബിരുദം നേടി. അവിടെ നിന്ന് തന്നെ ഫിഖ്‌ഹിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റ് ബിരുദവും കരസ്ഥമാക്കി.
റിയാദിലെ കിങ് ഫഹദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നീണ്ടകാലം സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സമിതി അംഗമായിരുന്നു. വൈജ്ഞാനിക ഗവേഷണത്തിനും ഇഫ്താഇനുമുള്ള സ്ഥിരം സമിതിയിലെ അംഗമായിരുന്നു. ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്ലാമിക വിശ്വാസം, ഫിഖ്‌ഹ്, കർമ്മശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ 35 ഓളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സൗദി റേഡിയോയിൽ വളരെ സ്വാധീനമുള്ള 'നൂർ അലാ അദ്ദർബ്' (പ്രകാശത്തിൻ്റെ പാത) എന്ന പരിപാടിയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ഫത്‌വകൾ (മതവിധികൾ) നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

