ഡോ. നജാത്തുല്ല സിദ്ദീഖി ആധുനിക ഇസ്‌ലാമിക് ബാങ്കിങ്ങിന്‍റെ ശിൽപ-അനുസ്മരണ സമ്മേളനം
text_fieldsനജാത്തുല്ല സിദ്ദീഖി അനുസ്മരണ സമ്മേളനത്തിൽ കെ.കെ. അലിക്കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തുന്നു
റിയാദ്: അന്തരിച്ച പ്രശസ്ത ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. നജാത്തുല്ല സിദ്ദീഖി ആധുനിക ഇസ്‌ലാമിക് ബാങ്കിങ്ങിന്‍റെ പ്രമുഖ ശിൽപിയായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. തനിമ പഠനവിഭാഗം സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് (സി.എസ്.ആർ) റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ഡൽഹിയിലെ സഹൂലത്ത് മൈക്രോ ഫൈനാൻസിങ് എക്സിക്യൂട്ടിവ് അംഗം കെ.കെ. അലിക്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് ലോകത്ത് വിജയകരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ആധുനിക ഇസ്‌ലാമിക ബാങ്കിങ് പദ്ധതികളുടെ പിതാവായിട്ടാണ് ഡോ. നജാത്തുല്ല സിദ്ദീഖിയുടെ സ്ഥാനം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക. തന്റെ പതിനാറാം വയസ്സിൽ സാമ്പത്തികരംഗത്തെ പ്രമുഖരുമായി സംവദിച്ചുകൊണ്ടാരംഭിച്ച ആ പ്രയാണം 91ാം വയസ്സിൽ വിടപറയുമ്പോൾ ലോകത്തുള്ള നിരവധി സാമ്പത്തിക സ്ഥാപനങ്ങളുടെ ഉന്നത ബോഡികളിൽ അംഗമാകാനും ബദൽ സാമ്പത്തിക പദ്ധതികള്‍ പ്രായോഗികമായി നടപ്പിൽ വരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
കമ്പോളത്തിൽനിന്നല്ല സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റായ കുടുംബത്തിൽ നിന്നാണ് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം ആരംഭിക്കുന്നതെന്നും മത്സരത്തിലല്ല സഹകരണത്തിലും പലിശമുക്തവും ഉൽപാദനക്ഷമവുമായ ദിശയിലൂടെയാണ് അതിന്റെ വളർച്ചയെന്നും അദ്ദേഹം സമർഥിച്ചു. ഈ വിഷയത്തിൽ നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും പ്രഭാഷണങ്ങൾ നിർവഹിക്കുകയും ചെയ്തു അദ്ദേഹം.
സാമൂഹിക നീതിയിലധിഷ്ഠിതമായതും സാധാരണ മനുഷ്യരുടെ സാമ്പത്തിക വിമോചനം ലക്ഷ്യം വെക്കുന്നതുമായ അദ്ദേഹം മുന്നോട്ടുവെച്ച എത്തിക്കൽ ഫൈനാൻസിന് തുടർച്ചയുണ്ടാകണമെന്നും കെ.കെ. അലിക്കുഞ്ഞി പറഞ്ഞു. ഇത്രയും വലിയ ഒരു പ്രതിഭയെ ലോകം വേണ്ട രീതിയിൽ വായിക്കാനോ ആദരിക്കാനോ തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.എസ്.ആർ റിയാദ് ചാപ്റ്റർ പ്രസിഡന്റ് പി.പി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും കെ.കെ. അലിക്കുഞ്ഞി മറുപടി നൽകി. കോർ കമ്മിറ്റിയംഗം ഇ.വി. അബ്ദുൽ മജീദ് നന്ദിയും ഖലീൽ അബ്ദുല്ല ഖിറാഅത്തും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

