അന്തരിച്ച ഗ്രാൻഡ് മുഫ്തിയുടെ കുടുംബത്തെ സൗദിയിലെത്തി അനുശോചനം അറിയിച്ച് ഡോ. ഹുസൈൻ മടവൂർ
text_fieldsറിയാദ്: അന്തരിച്ച സൗദി അറേബ്യൻ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയർമാനായിരുന്ന ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖിൻ്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെയും ബന്ധുക്കളെയും നേരിൽ കണ്ട് അനുശോചനം അറിയിച്ച് കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന ഉപാധ്യക്ഷനും ഗൾഫ് ഇസ്‌ലാഹി കോഓർഡിനേഷൻ ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ. റിയാദിലുള്ള ശൈഖിൻ്റെ ഔദ്യാഗിക വസതിയിൽ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഉന്നത പണ്ഡിത സഭാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു.
ശൈഖിന്‍റെ വിയോഗം പണ്ഡിത ലോകത്തിന് വലിയ നഷ്ടമാണെന്നും ഇന്ത്യയിലെ മുസ്ലിം നവോത്ഥാന വിദ്യാഭ്യാസ സംരംഭങ്ങൾക്ക് അദ്ദേഹത്തിൻ്റെ പിന്തുണ വളരെ വലുതായിരുന്നുവെന്നും മലബാർ എജ്യൂസിറ്റി ചെയർമാൻ കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞു. വിദേശികൾക്ക് മത, സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന ജാലിയാത് ഓഫീസുകൾക്കും ഇസ്ലാഹി സെൻ്ററുകൾ ക്കും അദ്ദേഹം വലിയ സഹായം നൽകി.
വ്യക്തിപരമായി അദ്ദേഹത്തോടുള്ള കടപ്പാടും സ്നേഹവും വളരെ വലുതാണെന്നും അതുകൊണ്ട് തന്നെ ശൈഖിന്‍റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും ഹുസൈൻ മടവൂർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. 1984 ൽ സൗദിയിലെ പഠനം കഴിഞ്ഞു മടങ്ങാനിരിക്കുന്ന സമയത്ത് റിയാദിലെ അദ്ദേഹത്തിന്റെ പള്ളിയിൽ ഖുത്ബ നിർവ്വഹിക്കാൻ ത തന്നോട് ആവശ്യപ്പെടുകയും, സന്തോഷത്തോടെ അത് ഏറ്റെടുത്ത് നിർവഹിക്കുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുകയാണ്. പ്രസംഗം റെക്കോർഡ് ചെയ്ത് അദ്ദേഹത്തെ കേൾപ്പിക്കുകയും, അദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടതായി അറിയിക്കുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങുമ്പോൾ 3000 റിയാൽ എനിക്ക് സമ്മാനമായി അദ്ദേഹം നൽകി. 400 സൗദി റിയാലായിരുന്നു അന്നു ഒരു മാസത്തെ സ്കോളർഷിപ്പ് തുക. ആ സമയത്താണ് 3000 റിയാൽ സമ്മാനമായി ലഭിക്കുന്നത്. അതും ഉന്നത പണ്ഡിതനിൽ നിന്ന്. പുറമെ അദ്ദേഹം തന്നിലർപ്പിച്ച വിശ്വാസവും പ്രോത്സാഹനവും എല്ലാം മധുരമുള്ള ഓർമ്മകളാണെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
തുടർന്ന് പലപ്പോഴും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ലഭിച്ചു. അവസാനമായി രണ്ടു വർഷം മുമ്പ് റിയാദിലെ അദ്ദേഹത്തിന്റെ പള്ളിയിലായിരുന്നു കൂടിക്കാഴ്ച.ഇന്ത്യക്കാരോട് ശൈഖിന് വലിയ താൽപര്യമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഫ്തി യുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ അനുശോചമറിയിക്കാൻ റിയദിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
ഡോ. മടവൂരിൻ്റെ സന്ദർശനതിന്നു ശൈഖിൻ്റെ കുടുംബവും ദാറുൽ ഇഫ്താ വക്താവ് ശൈഖ് ഖാലിദ് അൽ ജൂലൈയിലും നന്ദി രേഖപ്പെടുത്തി. സന്ദർശനത്തിൽ റിയാദ് ഇസ്ലാഹി സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ അഡ്വ. അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം എന്നിവരും ഹുസൈൻ മടവൂരിൻ്റെ കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

