പ്രാവ് മോഷണത്തെചൊല്ലി തമ്മിലടി: പാകിസ്താനി സുഹൃത്തുക്കളിൽ ഒരാൾ ജയിലിൽ
text_fieldsജുബൈൽ: വളർത്തു പ്രാവുകളിലൊന്നിനെ മോഷ്ടിച്ചതിനെ ചൊല്ലി തമ്മിൽ തല്ലിയ പാകിസ്താനി സുഹൃത്തുക്കളിൽ ഒരാൾ ജയിലിൽ. ജുബൈൽ ജിദ്ദ സ്ട്രീറ്റിൽ ഒരേ കെട്ടിടത്തിെൻറ താഴെയും മുകളിലുമായി താമസിക്കുന്ന കറാച്ചി സ്വദേശികളായ മുഹമ്മദ് റഹ്മാനും സുഹൃത്ത് ഉമ്മറുമാണ് പ്രാവിനെ ചൊല്ലി കലഹിക്കുകയും തല്ലു കൂടുകയും ചെയ്തത്. സാരമായി മുറിവേറ്റ ഉമർ നൽകിയ പരാതിയെ തുടർന്ന് മുഹമ്മദ് റഹ്‌മാൻ ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഉറ്റ സുഹൃത്തുക്കളായ ഇരുവരും വളരെ നാളുകളായി കെട്ടിടത്തിന് മുകളിലും താഴെയുമായി 30 ഓളം പ്രാവുകളെ വളർത്തിയിരുന്നു. ഇവക്ക് തീറ്റകൊടുക്കലും പരിപാലിക്കലുമായിരുന്നു രണ്ടാളുടെയും മുഖ്യ വിനോദം. പരസ്പര ധാരണ അനുസരിച്ച് പ്രാവുകളെ പരസ്പരം പിടിച്ചു കൊണ്ടുപോയി സ്വന്തമാക്കാൻ പാടില്ല. ഇവകൾ സ്വയം പറന്നു കൂടു മാറിക്കയറിയാൽ തിരിച്ചെടുക്കാനും പാടില്ല. കഴിഞ്ഞയാഴ്ച കെട്ടിടത്തിന് താഴെയുള്ള തുറസ്സായ കൂട്ടിൽ നിന്നും മുഹമ്മദ് റഹ്മാെൻറ ഒരു പ്രാവിനെ കാണാതെയായി.
ഇത് ഉമർ മോഷ്ടിച്ചതാണെന്ന് നാട്ടിൽ പോയ സുഹൃത്ത് അവിടെ നിന്നും മുഹമ്മദ് റഹ്മാനെ അറിയിച്ചു . ഇതിൽ കുപിതനായ ഇയാൾ കെട്ടിടത്തിന് മുകളിലുള്ള ഉമറിെൻറ കൂട്ടിൽ നിന്നും ഒരു പ്രാവിനെ കവർന്നെടുത്തു. ഇതുമായി താഴേക്ക് വരുമ്പോൾ വഴിക്കുവെച്ച് മുഹമ്മദ് റഹ്മാനെ ഉമർ തടയുകയും വാക്കേറ്റം കയ്യാങ്കളിയിലെത്തുകയുമായിരുന്നു.
സാരമായി മുറിവേറ്റ ഉമർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് അറസ്റ്റിലായ മുഹമ്മദ് റഹ്മാൻ ജുബൈൽ ജയിലിലാണ്. തന്നെ ആക്രമിച്ച ഉമർ സ്വയം മുറിവേൽപിച്ചതാണെന്ന് ജയിലിൽ കഴിയുന്ന പ്രതി പറഞ്ഞതായി പരിഭാഷകൻ അബ്ദുൽ കരീം കാസിമി പറഞ്ഞു. ഇത്രയധികം പ്രാവുകളെ വളർത്തുന്നതിെൻറ കാരണം തിരയുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
