ജനാധിപത്യത്തിന് ബദലായി ഏകാധിപത്യം ഒളിച്ചുകടത്താൻ ശ്രമിക്കരുത് -ഐ.സി.എഫ് റിയാദ് പൗരസഭ
text_fieldsഐ.സി.എഫ് റിയാദ് ഘടകം സംഘടിപ്പിച്ച പൗരസഭയിൽ അബ്ദുൽ വഹാബ് സഖാഫി മമ്പാട് സംസാരിക്കുന്നു.
റിയാദ്: ജനാധിപത്യത്തിലധിഷ്ഠിതമായ രാജ്യങ്ങളിൽ മതേതരത്വം സംരക്ഷിക്കാൻ ഭരണകർത്താക്കൾ ബാധ്യസ്ഥരാണെന്ന് അബ്ദുൽ വഹാബ് സഖാഫി മമ്പാട് അഭിപ്രായപ്പെട്ടു. ജനധിപത്യത്തെ തകർത്ത് അതിനു ബദലായി ഏകാധിപത്യം ഒളിച്ചു കടത്താൻ ശ്രമിച്ച രാഷ്ട്രങ്ങളെല്ലാം ഒറ്റപ്പെട്ട കാഴ്ച്ചയാണിന്ന്.
രാജ്യഭരണം അസ്ഥിരതയും അരാജകത്വവും നിറഞ്ഞതാണെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ സംഘടിപ്പിച്ച പൗരസഭയിൽ ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് റിയാദ് സെൻട്രൽ അഡ്മിൻ ആൻഡ് പബ്ലിക് റിലേഷൻ പ്രസിഡന്റ് ഹസൈനാർ ഹാറൂനി അധ്യക്ഷത വഹിച്ചു. ബഷീർ മിസ്ബാഹി മോഡറേറ്ററായിരുന്നു. എം. വിൻസെന്റ് (ഒ.ഐ.സി.സി), ഷാഫി തുവ്വൂർ,(കെ.എം.സി.സി), പ്രദീപ് ആറ്റിങ്ങൽ (കേളി), അബ്ദുൽ സലാം പാമ്പുരുത്തി (ഐ.സി.എഫ്) എന്നിവർ സംസാരിച്ചു.
അഡ്മിൻ ആൻഡ് പബ്ലിക് റിലേഷൻ സെക്രട്ടറി ലത്തീഫ് മാനിപുരം സ്വാഗതം പറഞ്ഞു. ഐ.സി.എഫ് രിസാലത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളായ അനീഖ്, ഹാതിം, റായിദ് എന്നിവർ ദേശീയഗാനം ആലപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.