ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം: സൗദിയിലെ പുതിയ നിയമം പൂർണ്ണതോതിൽ പ്രാബല്യത്തിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
ജിദ്ദ: സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനിമുതൽ നിർബന്ധമായും ഔദ്യോഗിക ബാങ്കിങ് ചാനലുകൾ വഴി മാത്രമേ നൽകാവൂ എന്ന നിയമം 2026 ജനുവരി ഒന്ന് മുതൽ പൂർണ്ണമായും പ്രാബല്യത്തിൽ വരികയാണ്. രാജ്യത്തെ ഗാർഹിക തൊഴിൽ മേഖലയിൽ സുതാര്യത ഉറപ്പാക്കാനും, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് മന്ത്രാലയം ഈ സുപ്രധാന തീരുമാനമെടുത്തത്. ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ശമ്പള കൈമാറ്റം വഴി സാമ്പത്തിക ഇടപാടുകൾ കൃത്യമായി രേഖപ്പെടുത്തപ്പെടുകയും ശമ്പളവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇല്ലാതാകുകയും ചെയ്യും.
'മുസാനിദ്' പ്ലാറ്റ്‌ഫോം വഴി ലഭ്യമായ ഈ സേവനം, ബാങ്കുകൾ വഴിയോ അംഗീകൃത ഡിജിറ്റൽ വാലറ്റുകൾ വഴിയോ ആണ് പ്രവർത്തിക്കുക. ശമ്പളം കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നത് വഴി തൊഴിലാളികൾക്ക് സുരക്ഷിതമായി പണം കൈപ്പറ്റാനും, നാട്ടിലുള്ള തങ്ങളുടെ കുടുംബങ്ങളിലേക്ക് വളരെ എളുപ്പത്തിൽ പണം അയക്കാനും സാധിക്കും. കരാർ കാലാവധി അവസാനിക്കുമ്പോഴോ അല്ലെങ്കിൽ തൊഴിലാളി മടങ്ങിപ്പോകുമ്പോഴോ ഉള്ള സാമ്പത്തിക നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഈ ഡിജിറ്റൽ രേഖകൾ വലിയ സഹായമാകും.
വിവിധ ഘട്ടങ്ങളിലായാണ് മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 2024 ജൂലൈ ഒന്നിന് ആദ്യമായി സൗദിയിലെത്തിയ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ഒന്നാം ഘട്ടം ആരംഭിച്ചത്. തുടർന്ന് 2025 ജനുവരിയിൽ നാലോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകളെയും, ജൂലൈയിൽ മൂന്നോ അതിലധികമോ തൊഴിലാളികളുള്ളവരെയും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നു. ഒക്ടോബർ ഒന്നു മുതൽ രണ്ടോ അതിലധികമോ തൊഴിലാളികളുള്ളവർക്കും നിയമം ബാധകമാക്കി. ഒടുവിൽ 2026 ജനുവരി ഒന്നോടെ രാജ്യത്തെ എല്ലാ ഗാർഹിക തൊഴിലാളികൾക്കും ഈ നിയമം നിർബന്ധമാകും.
ഓരോ ഹിജ്‌രി മാസം അവസാനത്തിൽ കരാറിൽ നിശ്ചയിച്ച പ്രകാരമുള്ള വേതനം തൊഴിലാളികൾക്ക് നൽകേണ്ടതുണ്ട്. തൊഴിലാളികൾക്ക് പണം പിൻവലിക്കുന്നതിനായി ബാങ്കുകൾ 'മാഡ' കാർഡുകൾ നൽകുന്നതാണ്. വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ പരിധിയിൽ വരുന്ന എല്ലാ തൊഴിലാളികൾക്കും ബാങ്ക് വഴിയുള്ള കൈമാറ്റം നിർബന്ധമാണ്. ക്യാഷ് ആയി പണം നൽകുന്ന രീതി ഘട്ടംഘട്ടമായി ഒഴിവാക്കി, തൊഴിൽ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുമാണ് സൗദി ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

