ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഇനി മൂന്ന് മാസം കൂടുമ്പോഴും പുതുക്കാം; സൗദി മന്ത്രിസഭയുടെ അംഗീകാരം
text_fieldsജിദ്ദ: ഗാർഹിക തൊഴിലാളികളുടെയും സമാന വിഭാഗങ്ങളിൽപ്പെട്ടവരുടെയും റെസിഡൻറ് പെർമിറ്റുകൾ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തിൽ നൽകുന്നതിനും പുതുക്കുന്നതിനും സൗദി മന്ത്രിസഭ അംഗീകാരം നൽകി. ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം.
ഇതോടൊപ്പം കള്ളപ്പണം വെളുപ്പിക്കൽ, അനുബന്ധ കുറ്റകൃത്യങ്ങൾ, തീവ്രവാദ ധനസഹായം എന്നിവയിലൂടെ പിടിച്ചെടുക്കുന്ന ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനത്തിനും യോഗം അംഗീകാരം നൽകി. തീവ്രവാദ ധനസഹായ വിരുദ്ധ നിയമത്തിലും അതിെൻറ നടപ്പാക്കൽ ചട്ടങ്ങളിലും വരുത്തിയ ഭേദഗതികൾക്കും, വിനോദ മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള സംവിധാനങ്ങൾക്കും കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്.
യു.എസ് - ഇറാൻ കരാറിന് സ്വാഗതം
സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും സ്ഥിരമായൊരു സമാധാന കരാറിലെത്തുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ രൂപവത്കരിച്ച പുതിയ കരാറിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഈ വിഷയത്തിൽ പാകിസ്താനും ഖത്തറും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കേണ്ടതിെൻറ പ്രാധാന്യം മന്ത്രിസഭ വീണ്ടും ഊന്നിപ്പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളെ ബഹുമാനിച്ചും സുരക്ഷാ താൽപ്പര്യങ്ങൾ കണക്കിലെടുത്തും ലോകസമാധാനം നിലനിർത്താനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി.
ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം
17 ലക്ഷത്തിലധികം തീർഥാടകർക്ക് പൂർണമായും എളുപ്പത്തിലും ശാന്തതയിലും കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കിയ ഹജ്ജ് സീസണിെൻറ വൻ വിജയത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. തീർത്ഥാടകരുടെ വരവ് മുതൽ മടക്കം വരെ മികച്ച ഏകോപനത്തോടെ പ്രവർത്തിച്ച സുപ്രീം ഹജ്ജ് കമ്മിറ്റിയെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളെയും യോഗം അഭിനന്ദിച്ചു.
ഐക്യരാഷ്ട്രസഭയുടെ പരിശീലന-ഗവേഷണ സ്ഥാപനത്തിെൻറ (യൂണിറ്റാർ) സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യ അന്താരാഷ്ട്ര ഓഫീസിെൻറ ആസ്ഥാനമായി റിയാദിനെ തിരഞ്ഞെടുത്ത കാര്യം മന്ത്രിസഭ എടുത്തുപറഞ്ഞു. ഒപ്പം, സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെ പ്രകീർത്തിച്ച് അന്താരാഷ്ട്ര നാണയ നിധി പുറപ്പെടുവിച്ച പ്രസ്താവനയെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും, 2025-ൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ദേശീയ പരിവർത്തന പരിപാടിയെ പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

