ദേശീയ പാത- കൂരിയാട് ഫ്ലൈ ഓവർ വേണം -ഒ.ഐ.സി.സി മലപ്പുറം കമ്മിറ്റി
text_fieldsറിയാദ്: നിർമാണത്തിലിരിക്കുന്ന നാഷനൽ ഹൈവേ തകർന്ന സംഭവത്തിൽ ഫ്ലൈ ഓവർ നിർമിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നാഷനൽ ഹൈവേ അതോറിറ്റിയുടെ ധിക്കാരപരമായ നിലപാടുകളും കേന്ദ്രവും പിണറായി ഭരണകൂടവും തുടർന്നുപോരുന്ന ഒത്തുകളിയുമാണ് ഹൈവേ തകർച്ചക്ക് കാരണം. മഴക്കാലത്ത് ധാരാളമായി വെള്ളം ഉയരുന്ന കൂരിയാട് വയലിലൂടെ കടലുണ്ടിപ്പുഴയിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ 50 മീറ്ററോളം ഉയരത്തിൽ റോഡ് നിർമിക്കുന്നതിന്റെ അശാസ്ത്രീയതയും അതുവഴി ഉണ്ടാകുന്ന വെള്ളപ്പൊക്ക സാധ്യതയും കർഷകരുടെ ദുരിതങ്ങളും പഞ്ചായത്ത് ഭരണസമിതിയുടെ ഉൾപ്പെടെ പലകോണിൽനിന്നും നാഷനൽ ഹൈവേ അതോറിറ്റിയുടെയും സംസ്ഥാന സർക്കാറിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അതെല്ലാം അവഗണിക്കപ്പെടുകയാണ് ഉണ്ടായത്.
ഹൈവേയുടെ പല ഭാഗങ്ങളിലും അടിപ്പാതകൾക്ക് വേണ്ടിയുള്ള നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങൾപോലും ധിക്കാരപൂർവം അവഗണിക്കപ്പെട്ടു. ഈ സമയത്തൊന്നും ഇതിൽ കാര്യക്ഷമമായി ഇടപെടാതിരുന്ന പിണറായി ഗവണ്മെന്റ് കേന്ദ്രത്തിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്.
നാലാം വാർഷികം ആഘോഷിക്കുന്ന പിണറായി ഗവൺമെന്റ് ഭരണനേട്ടങ്ങളിലൊന്നായി വലിയ രീതിയിൽ കൊട്ടിഘോഷിച്ച നാഷനൽ ഹൈവേ വാർഷികാഘോഷങ്ങളുടെ തലേദിവസം തന്നെ തകർന്നു. പാലം തകർന്നാലും റോഡ് തകർന്നാലും അഴിമതി തുടരും. കടം കേറി മുടിഞ്ഞാലും വാർഷിക മാമാങ്കം നടത്തും. കേരളത്തിൽ മറ്റൊരു ദുരന്തമായി മാറുകയാണ് പിണറായി സർക്കാർ.
ഹൈവേ നിർമാണത്തിന്റെ പിതൃത്വമേറ്റെടുക്കാൻ ഫ്ലക്സ് വെച്ചവരൊക്കെ ഇനിയെങ്കിലും നാട്ടുകാരുടെ ന്യായമായ ആവശ്യത്തോടൊപ്പം നിൽക്കണം. ഇല്ലെങ്കിൽ തലനാരിഴക്ക് വഴിമാറിയ ദുരന്തം വലിയ ദുരന്തമായി ആവർത്തിക്കുമെന്നും ജില്ല കമ്മിറ്റി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

