റിയാദിൽ ഡോക്ടർമാർ, രോഗി ജിദ്ദയിൽ; ചരിത്രമെഴുതി സൗദിയുടെ ആദ്യ റോബോട്ടിക് വിദൂര ശസ്ത്രക്രിയ
text_fieldsനാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിൽ നടന്ന ആദ്യ റോബോട്ടിക് റിമോട്ട് സർജറി
റിയാദ്: മെഡിക്കൽ സാങ്കേതികവിദ്യയിൽ ചരിത്രപരമായ മുന്നേറ്റവുമായി സൗദി നാഷനൽ ഗാർഡ് മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ഹെൽത്ത് അഫയേഴ്‌സ് സ്ഥാപനങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ റോബോട്ടിക് റിമോട്ട് സർജറി (വിദൂരനിയന്ത്രിത ശസ്ത്രക്രിയ) വിജയകരമായി പൂർത്തിയാക്കി. റിയാദിൽ തത്സമയം ഇരുന്നുകൊണ്ട് മെഡിക്കൽ സംഘം ജിദ്ദയിലുള്ള രോഗിക്കാണ് അതീവ സങ്കീർണമായ ഈ ശസ്ത്രക്രിയ നടത്തിയത്.
റിയാദിലെയും ജിദ്ദയിലെയും കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റികളിലെ യൂറോളജി, കിഡ്നി സർജറി വിഭാഗങ്ങളിലെ വിദഗ്ധരായ രണ്ട് ശസ്ത്രക്രിയാ സംഘങ്ങൾ തമ്മിലുള്ള മികച്ച ഏകോപനത്തിെൻറയും സഹകരണത്തിെൻറയും ഫലമായാണ് ഈ അത്യാധുനിക നേട്ടം കൈവരിക്കാനായത്. ‘കാൻഡോ സേജ്ബോട്ട്’ പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ. അത്യാധുനിക ആശയവിനിമയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതീവ കൃത്യതയോടെയാണ് റിയാദിലെ സർജന്മാർ ജിദ്ദയിലുള്ള രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
നിർമിതബുദ്ധി പിന്തുണയുള്ള റോബോട്ടിക് സർജറി സാങ്കേതികവിദ്യയാണ് ഈ ദൗത്യത്തിനായി പ്രയോജനപ്പെടുത്തിയത്. വളരെ ഉയർന്ന കാര്യക്ഷമതയോടെ ദൂരനിയന്ത്രിതമായി ശസ്ത്രക്രിയകൾ നടത്താൻ ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കും. ഇരു നഗരങ്ങളിലെയും മെഡിക്കൽ സംഘങ്ങൾ തമ്മിലുള്ള മികച്ച ഏകോപനവും മന്ത്രാലയത്തിെൻറ ശക്തമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ ദൗത്യം തടസ്സമില്ലാതെ പൂർത്തിയാക്കാൻ വഴിയൊരുക്കിയത്.
റോബോട്ടിക് റിമോട്ട് സർജറി രംഗത്ത് വലിയൊരു മുന്നേറ്റമാണ് ഈ വിജയത്തിലൂടെ രാജ്യം അടയാളപ്പെടുത്തുന്നത്. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിൽ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങൾ പുലർത്തുന്ന മികവ് ഇത് അടിവരയിടുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഭാവിയിൽ രോഗികളെ മറ്റ് നഗരങ്ങളിലേക്ക് മാറ്റേണ്ട ആവശ്യമില്ലാതെ, അവർ ആയിരിക്കുന്ന സ്ഥലത്തുതന്നെ മികച്ച ശസ്ത്രക്രിയാ സൗകര്യം ലഭ്യമാക്കാൻ ഈ നേട്ടം വഴിതുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

