യാംബു പുഷ്പമേളയിൽ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ; സന്ദർശക പ്രവാഹം
text_fieldsയാംബു പുഷ്പമേളയിലെ സാംസ്കാരിക പരിപാടികളിൽ നിന്ന്
യാംബു: 16-ാമത് യാംബു പുഷ്‌പോത്സവത്തോടനുബന്ധിച്ച് അരങ്ങേറുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും സ്റ്റേജ് ഷോകളും സന്ദർശകരെ ആകർഷിക്കുന്നു. സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകവും പരമ്പരാഗത ഗാനങ്ങളും അടയാളപ്പെടുത്തുന്ന പരിപാടികൾ ആസ്വദിക്കാൻ സ്വദേശി കുടുംബങ്ങളടക്കം വൻ ജനക്കൂട്ടമാണ് മേള നഗരിയിലേക്ക് എത്തുന്നത്. വർണാഭമായ രീതിയിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ രാത്രികാലങ്ങളിലാണ് പ്രധാന പരിപാടികൾ നടക്കുന്നത്.
സൗദിയിലെ വിവിധ സാംസ്കാരിക വേദികളിലെ കലാകാരമാർ അവതരിപ്പിക്കുന്ന അൽ മിസ്മാർ, അൽ ജിസാനി, അൽ ബഹ്‌രി, അൽ ഖുബൈതി തുടങ്ങിയ പരമ്പരാഗത നാടോടി നൃത്തങ്ങളും വാദ്യ സംഗീത ഷോകളും കാണികൾക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നത്. ഇതിനോടൊപ്പം കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനായി വിവിധ സ്റ്റേജ് പരിപാടികളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ പാരമ്പര്യകലകളെ പ്രോത്സാഹിപ്പിക്കുക എന്ന സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെയും ജനറൽ എന്റർടൈൻമെൻഡ് അതോറിറ്റിയുടെയും ലക്ഷ്യങ്ങൾക്ക് ആക്കം കൂട്ടുന്ന പരിപാടികളാണ് അധികൃതർ ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്.
മാർച്ച് 23-ന് ആരംഭിച്ച മേള ഏപ്രിൽ 23 വരെ നീണ്ടുനിൽക്കും. പ്രകൃതിദത്ത പൂക്കൾ കൊണ്ടുള്ള നൂതനമായ കലാരൂപങ്ങൾ മേളയുടെ പ്രധാന ആകർഷണമാണ്. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ പരിസ്ഥിതി സൗഹൃദ കലയെയും സാംസ്കാരിക സ്വത്വത്തെയും സംയോജിപ്പിച്ചാണ് മേള രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യാംബു വ്യവസായ നഗരത്തിലെ താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം പടിഞ്ഞാറൻ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ഈ പ്രദേശത്തെ മാറ്റാനും മേള ലക്ഷ്യമിടുന്നു. സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം പുതിയ നിക്ഷേപ സാധ്യതകൾ തുറക്കാനും അന്തർദേശീയ കലകളെ പരിചയപ്പെടുത്താനും മേളയിലൂടെ സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പക്ഷികളുടെ ഗാർഡൻ, ഫ്ലവർ ഹിൽസ്, ഫ്ലവർ വില്ലേജ്, ഫ്ലവർ വോൾക്കാനോ, ഷെൽ ആൻഡ് വേവ് ഹിൽസ്, ബൊളിവാർഡ് ഏരിയ തുടങ്ങിയ നിരവധി വിനോദ മേഖലകൾ ഇവിടെ സജ്ജമാണ്. കൂടാതെ തടാകം, ഫുഡ് കോർട്ടുകൾ, കുട്ടികൾക്കായുള്ള വിശാലമായ വിനോദ കേന്ദ്രങ്ങൾ, പ്രാർത്ഥനാ ഇടങ്ങൾ തുടങ്ങിയ സൗകര്യങ്ങളും നഗരിയിലുണ്ട്. യാംബു റോയൽ കമീഷന് കീഴിൽ ജബീൻ കമ്പനിയാണ് മേളയുടെ സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

