മസ്ജിദുൽ ഹറാമിൽ ഇഫ്‌താർ പൊതി വിതരണം സജീവം
text_fieldsമക്ക മസ്ജിദുൽ ഹറാമിലെ ഇഫ്‌താർ
മക്ക: രണ്ടു വർഷത്തെ ഇടവേളക്കുശേഷം മക്കയിലെ മസ്ജിദുൽ ഹറാമിൽ ഇഫ്‌താർ ഭക്ഷണപ്പൊതി വിതരണം സജീവമായി. റമദാനിലെ ആദ്യ ആഴ്ചയിൽ ആറര ലക്ഷം പൊതി വിതരണം ചെയ്തു. മക്കയിലും പുറത്തുമുള്ള 67 ചാരിറ്റബ്ൾ സൊസൈറ്റികളുടെ സഹകരണത്തോടെയാണ് ഇഫ്‌താറിനും അത്താഴത്തിനുമുള്ള ഭക്ഷണപ്പൊതി വിതരണം. 8,000ത്തിലധികം സന്നദ്ധ പ്രവർത്തകർ ഇതിനായി രംഗത്തുണ്ടെന്നും ഹറം സേവനകാര്യ വിഭാഗം അറിയിച്ചു. സന്നദ്ധ പ്രവർത്തകരിൽ 80 ശതമാനവും സൗദി പൗരന്മാരാണ്. റമദാന്‍റെ ആരംഭം മുതൽ പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നുണ്ട്. അവസാനത്തോടെ ഇത് ഏഴ് ദശലക്ഷം കവിയും. 70 ദശലക്ഷം റിയാൽ മൂല്യം കണക്കാക്കുന്നതായി അധികൃതർ അറിയിച്ചു.
കോവിഡ് കാരണം രണ്ടു വർഷം സേവനത്തിന് മുടക്കം വന്നതിൽ വിഷമമുണ്ടെന്നും വീണ്ടും സജീവമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മൂന്ന് പതിറ്റാണ്ടായി ഹറമിൽ വളന്‍റിയറായ ആബിദ് ബിൻ സുലൈമാൻ അൽഖുർഷി പറഞ്ഞു. ഹറമിൽ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ പ്രത്യേക വിഭാഗമുണ്ട്. വിതരണത്തിനായി ലൈസൻസ് നേടിയവരെയും ഇവർ നിരീക്ഷിക്കും. ബന്ധപ്പെട്ട കമ്മിറ്റിയിൽനിന്ന് അനുമതി വാങ്ങാതെയുള്ള ഭക്ഷണ വിതരണം നിയമലംഘനമാണ്. ഹറമിലും പരിസരത്തും വിതരണം ചെയ്യുന്ന ഭക്ഷണം ആരോഗ്യ, സുരക്ഷ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

