സൗദി പ്രവാസം വിഷയമാക്കി പ്രബന്ധം; മലപ്പുറം സ്വദേശിക്ക് ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്
text_fieldsതട്ടരാട്ടിൽ അബ്ദുറഹീം
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ പ്രവാസികളുടെ തൊഴിൽ കുടിയേറ്റവും രാജ്യത്തെ വിദേശ നിയമങ്ങളും പ്രവാസികളുടെ ജീവിതവും വിഷയമാക്കി പഠനം നടത്തി പ്രബന്ധം അവതരിപ്പിച്ച മലപ്പുറം കൊടിഞ്ഞി സ്വദേശി തട്ടരാട്ടിൽ അബ്ദുറഹീമിന് ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. 2013 മുതൽ 2023 വരെ 10 വർഷമായി ഈ വിഷയത്തിൽ പഠനം നടത്തിവരികയായിരുന്നു റഹീം. അഞ്ച് വർഷം കേന്ദ്ര സർക്കാറിന്റെ റിസർച്ച് ഫെലോഷിപ്പ് നേടിയാണ് റഹീം പഠനം നടത്തിയത്.
1970 മുതലുള്ള സൗദിയിലേക്കുള്ള തൊഴിൽ കുടിയേറ്റം മുതൽ പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിലുള്ള പ്രബന്ധമാണ് സെപ്തംബർ ഒമ്പതിന് ചൊവ്വാഴ്ച ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഇക്കോണോമിക്സ് ആൻഡ് റിസർച് സെന്റർ പാനലിലിന് മുമ്പാകെ അവതരിപ്പിച്ചത്. തുടർന്നുള്ള പാനലിന്റെ ചോദ്യാത്തര സെഷനിലും റഹീം മികച്ച പ്രകടനം കാഴ്ചവെച്ചു.
സൗദി അറേബ്യയിലെത്തുന്ന ഇന്ത്യൻ പ്രവാസികളായ തൊഴിലാളികൾ, സംരംഭകർ, ഗദ്ദാമമാർ, ഡോക്ടർമാർ, എൻജിനീയർമാർ, നഴ്‌സുമാർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രഫഷനലുകൾ, അവരുടെ സൗദിയിലെ ജീവിതം, തൊഴിൽ സാധ്യത, ആനുകൂല്യങ്ങൾ, പ്രതിസന്ധികൾ തുടങ്ങി സർവ മേഖലയും അടിത്തട്ടിൽനിന്ന് പഠിച്ചാണ് പ്രബന്ധം അവതരിപ്പിച്ചത്. ഇതിനായി കേരളത്തിലെ നൂറോളം ഗ്രാമങ്ങളിൽ സഞ്ചരിച്ച് ആയിരത്തിലധികം പ്രവാസികളുമായി സംവദിച്ചതായി റഹിം പറഞ്ഞു.
മാലദ്വീപിൽ കോളേജ് അധ്യാപകനായിരുന്ന റഹീം നിലവിൽ വിവിധ മേഖലയിൽ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമാണ്. കൊറോണക്കാലത്ത് സൗദിയിലേക്ക് വരുന്നതിന് സൗദി ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ച കോറന്റൈൻ സംവിധാനത്തിനായി പ്രവാസികൾ തിരഞ്ഞെടുത്തിരുന്നത് മാലദ്വീപ് ആയിരുന്നു. ആ സമയത്ത് സുപരിചതമല്ലാത്ത രാജ്യത്ത് സാധ്യമായ സഹായം സൗദി പ്രവാസികൾക്ക് ചെയ്ത് നൽകുന്നതിന് റഹീം സജീവമായി രംഗത്തുണ്ടായിരുന്നു.
അക്കാലത്തെ അനുഭവങ്ങളും പഠനം പൂർത്തിയാക്കാൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് റഹീം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പിതാവ് കൊടിഞ്ഞി സ്വദേശി തട്ടരാട്ടിൽ കുഞ്ഞാലികുട്ടി ഹാജിയും സഹോദരങ്ങളും വീട്ടു പരിസരത്തെ കുടുംബങ്ങളും അയൽവാസികളും ബഹുഭൂരിപക്ഷവും പ്രവാസികളായിരുന്നു.ഈ വിഷയം തെരഞ്ഞെടുക്കാൻ ഏറെ ആകർഷിച്ചത് അവരുടെ ജീവിതം കണ്ടുണ്ടായ പ്രേരണയാണെന്ന് റഹീം പറഞ്ഞു. ഇതേ വിഷയത്തിൽ ഉപരിപഠനത്തിന് (പോസ്റ്റ്ഡോക്ടറൽ റിസർച്) തയാറെടുക്കുകയാണ് റഹീം. മാതാവ്: സൈനബ. ഷാഹിദയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

