മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാൻ ചർച്ചകൾ തുടരും -സയ്യിദ് ബദർ
text_fieldsകഴിഞ്ഞ ആഗസ്റ്റ് അവസാന വാരത്തിൽ ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ചക്ക് തെഹ്റാനിൽ എത്തിയപ്പോൾ
മസ്‌കത്ത്: മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാൻ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച സലാലയിൽ നടത്താനിരുന്ന നിർണായക യോഗം മാറ്റിവെച്ച പശ്ചാത്തലത്തിലാണ് ഔദ്യോഗിക പ്രതികരണം.
തുടർനടപടികളിൽ പൊതുവായ യോജിപ്പിലെത്തുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ച സലാലയിൽ നടക്കേണ്ടിയിരുന്ന പ്രാദേശിക യോഗം മാറ്റിവെച്ചതെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. മേഖലയുടെ സുസ്ഥിരതക്കും ദീർഘകാല സഹകരണത്തിനും ഊർജം പകരുന്ന ചർച്ചകളുമായി ഒമാൻ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും ജനങ്ങളുടെ സമാധാനാഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനും ആവശ്യമായ നിർണായകവും സുസ്ഥിരവുമായ ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചാ തീയതി മാറ്റമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാനും അറബ് രാജ്യങ്ങളും തമ്മിലായിരുന്നു തിങ്കളാഴ്ച ചർച്ച നിശ്ചയിച്ചിരുന്നത്.
അതേസമയം, മേഖലയിലെ ചില രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് യോഗം മാറ്റിവെച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനും ഒമാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യോഗം പിന്നീട് എപ്പോഴാണ് നടക്കുകയെന്നോ പുതിയ തീയതിയോ മാറ്റിവെക്കാനുള്ള യഥാർഥ കാരണങ്ങളെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

