എംബസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
text_fieldsപ്രവാസി ലീഗൽ സെൽ പ്രതിനിധികൾ ഇന്ത്യൻ എംബസി
ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: പ്രവാസി ലീഗൽ സെൽ സൗദി അറേബ്യൻ ചാപ്റ്റർ പ്രതിനിധികൾ റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ എംബസി അധികൃതരെ അറിയിച്ചു. വിവിധ കമ്പനികളിൽ ശമ്പളം ക്രമമായി ലഭിക്കാത്തതും സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുന്നതും, സ്പോൺസർഷിപ്പ് മാറ്റം വേണ്ടവർക്ക് അത് അനുവദിക്കാത്തതുമായ വിഷയങ്ങൾ ചർച്ച ചെയ്തു.
വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ യഥാർഥ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം ഡിജിറ്റൽ ഡാറ്റയിലൂടെ ശേഖരിച്ച് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടാൻ സഹായകമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
നാട്ടിലും വിദേശത്തും പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കുന്നതിലും പ്രവാസികളെ ചതിക്കുന്ന ഏജന്റുമാരെതിരെ എംബസിയും വിദേശകാര്യമന്ത്രാലയവും ചേർന്ന് കർശന നടപടി സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
പ്രവാസികളായ എല്ലാ ഭാരതീയർക്കും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ആരോഗ്യ അപകട ഇൻഷുറൻസും, ജീവൻ ഇൻഷുറൻസ് പദ്ധതിയും കുറഞ്ഞ പ്രീമിയത്തിൽ നടപ്പിലാക്കണമെന്ന് അഭ്യർത്ഥിച്ചു.
പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ എംബസിയുടെ കൂടുതൽ സഹകരണം ഉറപ്പാക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
പ്രവാസി ലീഗൽ സെൽ സൗദി അറേബ്യൻ ചാപ്റ്റർ കോർഡിനേറ്റർ പീറ്റർ വര്‍ഗീസിന്റെ നേതൃത്വത്തിൽ അഡ്വ. ശങ്കരനാരായണൻ, ഗഫൂർ കൊയിലാണ്ടി, ജേക്കബ്, അസീസ് കടലുണ്ടി, മുഹമ്മദ് ഫാസിൽ എന്നിവരാണ് എംബസ്സിയുടെ കമ്മ്യുനിറ്റി വെൽഫെയർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
എംബസിയുമായി സഹകരിച്ച് നിയമപരമായ സേവനങ്ങൾ നൽകാൻ റിയാദിലെ ചാപ്റ്റർ സജ്ജരാണെന്ന് പ്രവാസി ലീഗൽ സെൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമും ഗ്ലോബൽ കോ-ഓർഡിനേറ്റർ സുധീർ തിരുനിലത്തും നേരത്തേ ഇൻഡ്യൻ അംബാസഡർക്ക് കത്തെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

