നജ്റാനിൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ പ്രവർത്തനം തുടങ്ങി
text_fieldsനജ്റാനിലെ ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ
സാബു മേലതിൽ
റിയാദ്: മഴക്കെടുതി ഉൾപ്പെടെയുള്ള പ്രതിസന്ധികളെയും ദുരന്തങ്ങളെയും അഭിമുഖീകരിക്കുന്നതിനായി നജ്റാനിൽ പുതിയ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചു. രാഷ്ട്രീയ സുരക്ഷാകാര്യ കൗൺസിലിന്റെ അംഗീകാരത്തോടെ ആരംഭിച്ച കേന്ദ്രം നജ്റാൻ ഗവർണർ അമീർ ജലാവി ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. സർക്കാറും ഏജൻസികളും സൗദി സമൂഹവും തമ്മിലുള്ള സഹകരണവും ഏകീകരണവും ശക്തിപ്പെടുത്തുന്നതിന് കേന്ദ്രങ്ങൾ സഹായിക്കും.
പ്രതിസന്ധികളെയും ദുരന്തങ്ങളെയും അഭിമുഖീകരിക്കുന്നതിന് പ്രദേശത്തിന്റെ പ്രത്യേകതക്ക് അനുസരിച്ച് മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയുമാണ് കേന്ദ്രത്തിന്റെ ചുമതല. പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നീക്കം അടിയന്തര ഘട്ടങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാറിന്റെ ഉത്തരവാദിത്തത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അമീർ ജലവി വ്യക്തമാക്കി. നജ്റാനിലെ കിങ് ഖാലിദ് ആശുപത്രിയിലെയും നജ്റാൻ ജനറൽ ആശുപത്രിയിലെയും രാസവസ്തുക്കളുടെ ചോർച്ച, ബന്ധപ്പെട്ട അധികാരികളെ ഏകോപിപ്പിച്ച് ഈ കേന്ദ്രം മുഖേന അത് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ ഗവർണർ വിശദീകരിച്ചു.
നജ്റാൻ മേഖലയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ അഹമ്മദി, പൊലീസ് ഡയറക്ടർ മേജർ ജനറൽ മൻസൂർ അൽഷമാരി, സിവിൽ ഡിഫൻസ് ഡയറക്ടർ മേജർ ജനറൽ സാദ് അൽഷഹ്റാനി, ഡയറക്ടർ ജനറൽ മേജർ ജനറൽ സാദ് അൽഷഹ്റാനി എന്നിവർ സുരക്ഷ സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡോ. ഇബ്രാഹിം ബാനി ഹമീം, മേയർ, സാലിഹ് അൽഗാമിദി, മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റി ബ്രാഞ്ച് ഡയറക്ടർ മുഹമ്മദ് അൽഫറജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രളയത്തിൽ ഒഴുക്കിൽപെട്ട കുടുംബത്തെ രക്ഷപ്പെടുത്തി
മദീന: മഴവെള്ള ഒഴുക്കിൽപെട്ട കുടുംബത്തെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മദീന മേഖലയിലെ അൽഅയ്സ് ഗവർണറേറ്റിലെ വാദി അൽഅരീദിലാണ് സംഭവം. വാഹനത്തിൽ സഞ്ചരിച്ചപ്പോഴാണ് കുടുംബം താഴ്വരയിലെ മഴവെള്ള ഒഴുക്കിൽപെട്ട് കുടുങ്ങിയത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തുകയും അവരുടെ ആരോഗ്യ സ്ഥിതിഗതികൾ നല്ല നിലയിലാണെന്നും സിവിൽ ഡിഫൻസ് ട്വിററ്റിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

