ദിരിയ്യ ആർട്ട് ബുക്ക് ഫെയർ ഡിസംബർ മൂന്നു മുതൽ;19 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും
text_fieldsദിരിയ്യ ആർട്ട് ബുക്ക് ഫെയർ നടക്കുന്ന വേദിയുടെ ദൃശ്യങ്ങൾ (ഫയൽ)
റിയാദ്: ദിരിയ്യ ബിനാലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് 'ദിരിയ്യ ആർട്ട് ബുക്ക് ഫെയർ' ഡിസംബർ 3 മുതൽ 5 വരെ ദിരിയ്യയിലെ ജാക്സിൽ നടക്കും. സൗദിയിലെയും വിവിധ രാജ്യങ്ങളിലെയും കലാകാരന്മാർ, സ്വതന്ത്ര പ്രസാധകർ, പുസ്തക വിൽപനക്കാർ, കലാ സംഘങ്ങൾ എന്നിവർ സംഗമിക്കുന്ന വേദിയാകും മേള. ഈ വർഷത്തെ മേളയിൽ 19 രാജ്യങ്ങളിൽ നിന്നായി 23 പ്രസാധക സ്ഥാപനങ്ങളും സംരംഭകരും പങ്കെടുക്കും. സൗദിയിലെ പ്രസാധകർക്കു പുറമെ ഫിലിപ്പീൻസ്, ചിലി, ബ്രിട്ടൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളും പുതുതായി മേളയുടെ ഭാഗമാകുന്നുണ്ട്. മുൻവർഷങ്ങളിൽ പങ്കെടുത്ത പ്രമുഖ സ്വതന്ത്ര പ്രസാധകരും പ്രസിദ്ധീകരണ സംരംഭങ്ങളും ഇത്തവണയും എത്തും.
പുസ്തക പ്രസാധനം, അച്ചടി, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന ശിൽപശാലകൾ, സംവാദങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ചരിത്ര ഭൂപടങ്ങൾ, പ്രത്യേകമായി തയാക്കിയ സാഹിത്യരചനകൾ, കലാസൃഷ്ടികൾ എന്നിവ ഉൾക്കൊള്ളുന്ന പ്രദർശനത്തിന്റെ ഗവേഷണ പശ്ചാത്തലവും മേളയിൽ ചർച്ച ചെയ്യും. കുട്ടികൾക്കായി ഡിസംബർ 3-ന് ബ്ലോക്ക് പ്രിന്റിങ് ശിൽപശാലയും, 4-ന് ജേണൽ നിർമാണ ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്.
ജിദ്ദയുടെ നഗരവികസനത്തിലും സൗന്ദര്യവൽക്കരണത്തിലും നിർണായക പങ്കുവഹിച്ച വൃത്താകൃതിയിലുള്ള ട്രാഫിക് ജങ്ഷനുകളെയും അവിടങ്ങളിലെ ശിൽപങ്ങളെയും അടയാളപ്പെടുത്തുന്ന 'ജിദ്ദ റൗണ്ട്എബൗട്ട്സ്: സർക്കിളിങ് ദ സിറ്റി' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 4-ന് വേദിയിൽ നടക്കും. സൗദി എഴുത്തുകാരി നൗഫ് അൽ ഹാർത്തി രചനയും ഗവേഷണവും നിർവഹിച്ച പുസ്തകത്തിൽ ഹതൂൻ അൽ ഹാർത്തിയുടെ ഫോട്ടോഗ്രഫിയും ഉൾപ്പെടുത്തിയിട്ടുണ്ട്. അച്ചടി, പ്രസാധനം, പുസ്തകനിർമാണം തുടങ്ങിയ മേഖലകളിലെ വ്യത്യസ്ത സാങ്കേതിക വിദ്യകൾ നേരിട്ടറിയാനും പഠിക്കാനും മേള സന്ദർശകർക്ക് മികച്ച അവസരമൊരുക്കും.

