മക്കയിൽ ഹോട്ടലുകളിൽനിന്ന് നേരിട്ട് ഹറമിലേക്ക് വാഹന സൗകര്യം
text_fieldsമക്ക മസ്ജിദുൽ ഹറാമിൽ ഭക്തർക്ക് വേണ്ടി ഏർപ്പെടുത്തിയ വാഹനങ്ങൾ
മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ഹോട്ടലുകളിൽ നിന്ന് നേരിട്ട് വാഹനങ്ങൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി ഇരുഹറം പരിപാലന അതോറിറ്റി. ഏകീകൃത ഇ-പ്ലാറ്റ്ഫോം വഴി ഗതാഗത സേവനങ്ങൾ മുൻകൂട്ടി ഉറപ്പാക്കാൻ സാധിക്കുന്ന പുതിയ സംവിധാനത്തിനാണ് തുടക്കമായിരിക്കുന്നത്.
ഹറം മുറ്റങ്ങളിലെ ട്രാൻസ്പോർട്ട് സെൻററുകളിൽ നേരിട്ടെത്താതെ തന്നെ, താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് സുഗമമായി വാഹനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാക്കാൻ അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നു.
സേവനത്തിന്റെ സവിശേഷതകൾ
ഡിജിറ്റൽ ബുക്കിങ്: പ്രത്യേക ഇ-പ്ലാറ്റ്ഫോമിലൂടെ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക്, അതോറിറ്റിയുടെ അംഗീകൃത വാഹനം തീർഥാടകർ താമസിക്കുന്ന ഹോട്ടലിലെത്തും.
അംഗീകൃത ഗൈഡുകളുടെ സേവനം: യാത്രയിലുടനീളം തീർഥാടകരെ സഹായിക്കാൻ പരിശീലനം സിദ്ധിച്ച ‘എസ്കോർട്ട്’ (അകമ്പടി സേവനം) ലഭ്യമായിരിക്കും.
രണ്ട് തരം വാഹന സർവിസാണ് ലഭിക്കുക. ഹോട്ടലിൽ നിന്ന് മസ്ജിദുൽ ഹറാമിലേക്ക് മാത്രമായുള്ള വൺവേ യാത്രയും ഹോട്ടലിൽ നിന്ന് പുറപ്പെട്ട്, കർമങ്ങൾ പൂർത്തിയാക്കി തിരികെ താമസസ്ഥലത്ത് എത്തിക്കുന്ന റൗണ്ടപ്പ് യാത്രയും. കഅ്ബ പ്രദക്ഷിണത്തിന് (ത്വവാഫ്) മാത്രമായോ, അതല്ലെങ്കിൽ ത്വവാഫും സഅ്യ് അടക്കമുള്ള പൂർണ ഉംറ കർമങ്ങൾക്കോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ഹറമിന് സമീപമുള്ള നിരവധി ഹോട്ടലുകളെയും സ്ഥാപനങ്ങളെയും ഇതിനോടകം ഈ സംവിധാനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്ന് അതോറിറ്റി അറിയിച്ചു. സന്ദർശകർക്ക് കുറഞ്ഞ പ്രയത്നത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കർമങ്ങൾ നിർവഹിക്കാൻ ഈ നൂതന ഗതാഗത സൗകര്യം വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

