നേരിട്ടുള്ള വിമാന സർവിസ് ജൂണിൽ ആരംഭിക്കും; റിയാദും സിംഗപ്പൂരും കൂടുതൽ അടുത്തേക്ക്
text_fieldsറിയാദ്, സിംഗപ്പൂർ വിമാന സർവിസിനുള്ള കരാർ സൗദി എയർ കണക്റ്റിവിറ്റി പ്രോഗ്രാം,
സിംഗപ്പൂർ എയർലൈൻസ് പ്രതിനിധികൾ ഒപ്പിട്ടപ്പോൾ
റിയാദ്: തലസ്ഥാനമായ റിയാദിനെയും സിംഗപ്പൂരിനെയും ബന്ധിപ്പിച്ചുള്ള നേരിട്ടുള്ള വിമാന സർവിസുകൾ ഈ വർഷം ജൂണിൽ ആരംഭിക്കും. സൗദി എയർ കണക്റ്റിവിറ്റി പ്രോഗ്രാമും (എ.സി.പി) സിംഗപ്പൂർ എയർലൈൻസും തമ്മിൽ ഇതുസംബന്ധിച്ച സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസർ, സിംഗപ്പൂർ ഗതാഗത മന്ത്രി ജെഫ്രി സിയോവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാർ. സൗദി അറേബ്യയെ ആഗോള വ്യോമഗതാഗത കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന ചുവടുവെപ്പാണിത്.
അത്യാധുനിക സൗകര്യങ്ങളുള്ള എ350-900 വിമാനമാണ് സർവിസ് നടത്തുക. 303 പേർക്ക് യാത്ര ചെയ്യാൻ ശേഷിയുള്ള വിമാനം ആഴ്ചയിൽ നാല് സർവീസ് നടത്തും. സിംഗപ്പൂർ ചാങി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമാണ് സർവിസ്.
‘ദേശീയ ഗതാഗത ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ഭാഗമായുള്ള ലക്ഷ്യം കൈവരിക്കാൻ ഈ കരാർ സഹായിക്കും. തെക്കുകിഴക്കൻ ഏഷ്യൻ വിപണികളുമായി സൗദിയെ ബന്ധിപ്പിക്കുന്ന സുപ്രധാന പാലമായി ഈ പുതിയ റൂട്ട് മാറും.’-സൗദി സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുവൈലിജ് പറഞ്ഞു.പുതിയ സർവീസ് രാജ്യത്തെ ടൂറിസം, വ്യാപാര മേഖലകൾക്ക് കരുത്തേകും. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാസൗകര്യം ലഭ്യമാകും. ബിസിനസ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് റിയാദിലേക്ക് വീണ്ടും സർവിസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് സിംഗപ്പൂർ എയർലൈൻസ് ചീഫ് കൊമേഴ്‌സ്യൽ ഒഫീസർ ഗോ ചൂൺ ഫോങ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനൊപ്പം സിംഗപ്പൂർ വഴിയുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാനും ഈ നീക്കം സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

