അമേരിക്കയുമായി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു -അംബാസഡർ റീമ ബിൻത് ബന്ദർ
text_fieldsഅമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ ഡൊണാൾഡ് ട്രംപിനൊപ്പം
റിയാദ്: വിവിധ മേഖലകളിൽ അമേരിക്കയുമായുള്ള സഹകരണം തുടർന്നും സൗദി അറേബ്യ പ്രതീക്ഷിക്കുന്നതായി അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ പറഞ്ഞു. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കവേയാണ് തന്റെ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ റീമ ബിൻത് ബന്ദർ ഇക്കാര്യം പറഞ്ഞത്.
നമ്മുടെ ജനങ്ങളുടെയും മേഖലയുടെയും ലോകത്തിന്റെയും പ്രയോജനത്തിനായി പ്രത്യേകിച്ച് പശ്ചിമേഷ്യൻ മേഖല നേരിടുന്ന നിലവിലെ വെല്ലുവിളികളുടെ വെളിച്ചത്തിൽ ഒരുമിച്ച് പ്രവർത്തനം തുടരാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. സൗദി സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് 1945 ഫെബ്രുവരിയിൽ മുൻ യു.എസ് പ്രസിഡൻറ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റുമായി കൂടിക്കാഴ്ച നടത്തിയിട്ട് ഏകദേശം 80 വർഷം കഴിഞ്ഞു. രണ്ട് സുഹൃദ് രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിത്തറ പാകി. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിലും രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികളെ ഒരുമിച്ച് തരണം ചെയ്യുന്നതിലും വിജയിച്ചുവെന്നും റീമ ബിൻത് ബന്ദർ പറഞ്ഞു.
ആഗോള സ്ഥിരതയും സുരക്ഷയും വർധിപ്പിക്കാൻ ശ്രമിക്കുന്ന പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന അഗാധമായ ബന്ധമാണ് സൗദി അറേബ്യക്കും അമേരിക്കക്കുമുള്ളത്. ഇത് വിവിധ രാഷ്ട്രീയ, സാമ്പത്തിക, വികസന മേഖലകൾ ഉൾക്കൊള്ളുന്നതാണെന്നും റീമ ബിൻത് ബന്ദർ പറഞ്ഞു. സൗദിയെ പ്രതിനിധീകരിച്ച് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ റീമ ബിൻത് ബന്ദർ പങ്കെടുക്കുകയും സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ അമേരിക്കൻ പ്രസിഡൻറിനെ അറിയിക്കുകയും ചെയ്തു. പ്രസിഡൻറിന് ചുമതലകൾ നിർവഹിച്ച വിജയംവരിക്കാൻ കഴിയട്ടെയെന്നും അവർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

