ഡിജിറ്റൽ ഹജ്ജ് സേവനം വിജയകരം; ‘നുസുക്’ സ്മാർട്ട് കാർഡ് സ്കാനിങ് 35 ലക്ഷം പിന്നിട്ടു
text_fieldsജിദ്ദ: ഹജ്ജ് കർമങ്ങൾക്കായി എത്തുന്ന തീർഥാടകരുടെ സേവനങ്ങൾ എളുപ്പമാക്കുന്നതിനും യാത്രകൾ സുഗമമാക്കുന്നതിനുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ ‘നുസുക്’ സ്മാർട്ട് കാർഡ് സംവിധാനം വൻ വിജയത്തിലേക്ക്. ഈ ഹജ്ജ് സീസണിെൻറ തുടക്കമായ ദുൽഖഅദ് ഒന്ന് മുതൽ ഇതുവരെയുള്ള കാലയളവിൽ വിവിധ പരിശോധനാ കേന്ദ്രങ്ങളിലായി 35 ലക്ഷത്തിലധികം തവണ നുസുക് കാർഡുകൾ സ്കാൻ ചെയ്തതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
മുൻപ് ദുൽഹിജ്ജ് ആറ് വരെയുള്ള കണക്കനുസരിച്ച് ഇത് 34 ലക്ഷത്തിലധികമായിരുന്നു. ഇതാണ് ഇപ്പോൾ 35 ലക്ഷം പിന്നിട്ട് പുതിയ റെക്കോർഡിലെത്തിയിരിക്കുന്നത്. ഇതോടൊപ്പം ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ 1,73,000ത്തിലധികം വിവിധ സേവനങ്ങളും നുസൂക് വഴി ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.
മസ്ജിദുൽ ഹറമിലും മറ്റ് പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ നൂതന ഡിജിറ്റൽ സംവിധാനം ഏറെ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ രൂപത്തിലും പ്രിൻറ് ചെയ്ത കാർഡുകളായും ലഭ്യമാക്കിയിട്ടുള്ള നുസുക് കാർഡുകൾ, ഇലക്ട്രോണിക് ചാനലുകൾ വഴി തീർഥാടകരുടെ വിവരങ്ങളും അനുബന്ധ സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം പ്രതികരിക്കാനും സേവനങ്ങളുടെ ഗുണനിലവാരം പരമാവധി ഉയർത്താനും ഈ സ്മാർട്ട് സംവിധാനം വഴി സാധ്യമാകുന്നുണ്ട്.
തീർഥാടകരുടെ അടിസ്ഥാന വിവരങ്ങൾ, താമസസ്ഥലം, ഗതാഗത വിശദാംശങ്ങൾ, ഹജ്ജ് സർവീസ് കമ്പനിയുടെ വിവരങ്ങൾ എന്നിവയെല്ലാം നുസുകിലൂടെ എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ ഫീൽഡിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് തീർഥാടകരുടെ സുരക്ഷയൊരുക്കാൻ ഇത് ഏറെ സഹായകരമാണ്.
തീർഥാടകർക്ക് വഴിതെറ്റുന്ന സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കാനും, ഔദ്യോഗിക ഹജ്ജ് പെർമിറ്റ് പരിശോധനകൾ വേഗത്തിലാക്കാനും, കാണാതാകുന്നവരെക്കുറിച്ച് വേഗത്തിൽ റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. തീർഥാടകർക്ക് താമസസ്ഥലങ്ങളിൽ നിന്നും പുണ്യസ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾ സുഗമമാക്കുന്നതിനൊപ്പം, വിവിധ സർക്കാർ-സ്വകാര്യ വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനത്തിനും ഈ സ്മാർട്ട് കാർഡ് സംവിധാനം വലിയ രീതിയിൽ പ്രയോജനപ്പെടുന്നുണ്ട്.
ഓൺ-സൈറ്റ് പരിശോധന നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായി, തീർഥാടകർ തങ്ങളുടെ നുസുക് കാർഡുകൾ വ്യക്തമായി കാണാവുന്ന രീതിയിലും കേടുപാടുകൾ കൂടാതെയും സൂക്ഷിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അത്യാധുനിക സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ദശലക്ഷക്കണക്കിന് തീർഥാടകർക്ക് സുരക്ഷിതമായി ഹജ്ജ് കർമങ്ങൾ നിർവഹിക്കാനുള്ള സൗകര്യമൊരുക്കുന്നതിലൂടെ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഒരു നൂതന ആഗോള മാതൃകയാണ് സൗദി അറേബ്യ വീണ്ടും കാഴ്ചവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

