ഡിജിറ്റല്‍ കാലത്ത് മാധ്യമരംഗത്ത് ഗുണനിലവാരം കുറയുന്നു -സി.കെ. ഹസ്സന് കോയ
text_fieldsറിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ സി.കെ. ഹസ്സന് കോയ
സംസാരിക്കുന്നു
റിയാദ്: ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാലത്ത് സാധ്യതകള്‍ ഏറെയുണ്ടെങ്കിലും മാധ്യമ രംഗത്ത് ഗുണനിലവാരം കുറയുന്നുണ്ടെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാളം ന്യൂസ്, ചന്ദ്രിക പത്രങ്ങളുടെ മുന്‍ ന്യൂസ് എഡിറ്ററുമായ സി.കെ. ഹസ്സന് കോയ. വാര്‍ത്ത ശേഖരണം മുതല്‍ വിതരണം വരെ വിപ്ലവകരമായ മാറ്റം ദൃശ്യമാണ്. എന്നാല്‍ സൗകര്യങ്ങള്‍ക്കനുസരിച്ച് മികവ് പുലര്‍ത്താന്‍ പലര്‍ക്കും കഴിയുന്നില്ല. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ ‘മാധ്യമ പ്രവര്‍ത്തനം: ഡിജിറ്റല്‍ കാലത്തെ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷ നന്നാക്കാന്‍ നന്നായി വായിക്കണം. നല്ല പുസ്തകങ്ങള്‍ ധാരാളം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും വായനക്കാര്‍ കുറവാണ്. 40 വയസ്സില്‍ താഴെയുള്ളവര്‍ പത്രം പോലും വായിക്കുന്നില്ല. വിവരങ്ങള്‍ അറിയാന്‍ ഡിജിറ്റല്‍ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ ഭയക്കുന്ന കാലമാണിത്. ചതിക്കുഴികളും നുണ ഫാക്ടറികളും തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്ല മുന്നൊരുക്കം ആവശ്യമാണ്. പുതിയ കാലത്തെ സൗകര്യങ്ങള്‍ പലരേയും അലസരാക്കിയിട്ടുണ്ട്.
മാധ്യമങ്ങളില്‍ കടന്നുകൂടുന്ന തെറ്റുതിരുത്താന്‍ പോലും പല സ്ഥാപനങ്ങളും തയാറാകുന്നില്ല. മാധ്യമ സ്ഥാപനങ്ങള്‍ ബിസിനസ് ഗ്രൂപ്പുകളുടെ കരങ്ങളിലാണെന്നും സി.കെ. ഹസ്സന് കോയ കൂട്ടിച്ചേർത്തു. നാലു പാതിറ്റാണ്ടിലേറെ കേരളത്തിലും സൗദിയിലും മാധ്യമ പ്രവര്‍ത്തകനായിരുന്ന ഹസ്സന് കോയ നിരവധി അനുഭവങ്ങളും പങ്കുവെച്ചു. ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു.
മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ഹസ്സന് കോയക്കുളള ഉപഹാരം മീഡിയാ ഫോറം പ്രവര്‍ത്തകര്‍ സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും വൈസ് പ്രസിഡൻറ് സുലൈമാന്‍ ഊരകം നന്ദിയും പറഞ്ഞു. നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷാ റഹ്മാന്, ജയന് കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാൻ, ഷെമീർ കുന്നുമ്മൽ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

