ഹജ്ജ് തീർത്ഥാടകർക്ക് സൗദിയിൽ ഡിജിറ്റൽ യാത്രാരേഖ മതി; പാസ്‌പോർട്ട് കൈയ്യിൽ കരുതേണ്ടതില്ല
text_fieldsറിയാദ്: ഹജ്ജ് തീർത്ഥാടകർക്ക് സൗദി അറേബ്യക്കുളളിലെ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസത്ത്) പുതിയ ഡിജിറ്റൽ സേവനം ലഭ്യമാക്കി. രാജ്യത്ത് എത്തുന്ന തീർത്ഥാടകർക്ക് ഇനി മുതൽ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ‘ഡിജിറ്റൽ വിസിറ്റർ ഐഡൻറിറ്റി’ രേഖയായി സൂക്ഷിക്കാം. ഇതോടെ യാത്രവേളകളിൽ പാസ്‌പോർട്ട് നേരിട്ട് കൈയ്യിൽ കൊണ്ടുനടക്കേണ്ട സാഹചര്യം ഒഴിവാകുകയാണ്.
തീർത്ഥാടകർക്ക് ‘അബ്ഷർ’ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വിസിറ്റർ ഐഡൻറിറ്റിക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രാജ്യത്തിനകത്തെ യാത്രകളിൽ പാസ്‌പോർട്ടിന് പകരമുള്ള ഒരു ഔദ്യോഗിക രേഖയായിട്ടാണ് ഇതിനെ ജവാസത്ത് കണക്കാക്കുന്നത്. പാസ്‌പോർട്ട് പോലുള്ള സുപ്രധാന രേഖകൾ യാത്രാവേളകളിൽ നഷ്ടപ്പെടാനുള്ള സാധ്യത മുൻനിർത്തിയും, പരിശോധനകൾ ലളിതമാക്കുന്നതിനുമാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
സൗദി അറേബ്യയിലുടനീളം തീർത്ഥാടകർക്ക് സുരക്ഷിതമായും എളുപ്പത്തിലും സഞ്ചരിക്കാൻ ഈ ഡിജിറ്റൽ രേഖ സഹായിക്കും. അബ്ഷറിൽ രജിസ്റ്റർ ചെയ്യുന്നതോടെ ലഭ്യമാകുന്ന ഈ ഡിജിറ്റൽ ഐഡൻറിറ്റി കാണിച്ചാൽ യാത്രകൾക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും മതിയാകുമെന്ന് ജവാസത്ത് വ്യക്തമാക്കി. തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് വിപുലമായ ഡിജിറ്റൽ സേവനങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

