ഇഖാമയുടെ ഡിജിറ്റൽ കോപ്പി അടക്കം ഇനി 'അബ്ഷിറി'ൽ
text_fieldsദമ്മാം: സൗദി ആഭ്യന്തരമന്ത്രാലയത്തിെൻറ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ പോർട്ടലായ 'അബ്ഷിറി'ൽ പരിഷ്കരിച്ച സേവനങ്ങൾ നിലവിൽ വന്നു. ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫാണ് നവീകരിച്ച പോർട്ടലിെൻറ ഉദ്ഘാടനം നിർവഹിച്ചത്.
സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആഭ്യന്തരമന്ത്രാലയത്തിെൻറ വിവിധ സേവനങ്ങൾ നടപ്പാക്കുന്ന അബ്ഷിറിൽ നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്ന പരിഷ്കാരങ്ങളാണ് നിലവിൽ വന്നത്. അബ്ഷിറിലെ ഇൻഡിവിജ്വൽ (അഫ്റാദ്) ഒപ്ഷൻ വഴി ഇഖാമ (താമസരേഖ), ഡ്രൈവിങ് ലൈസൻസ്, വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ഇസ്തിമാറ) എന്നിവയുടെ ഇലക്ട്രോണിക് കോപ്പി (ഇ- കോപ്പി) ലഭ്യമാവും. ഇനിമുതൽ സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനിൽ അബ്ഷിർ വഴി നേരിട്ട് ഈ നിയമ രേഖകളുടെ ഇ-കോപ്പി അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാം.
മുമ്പ് പാസ്പോർട്ട് ഓഫിസിൽ നേരിട്ടെത്തി ചെയ്യേണ്ടിയിരുന്ന ഒട്ടേറെ നടപടിക്രമങ്ങൾ അബ്ഷിർ പോർട്ടൽ വഴി അനായാസം ചെയ്യാനാവും. സ്വദേശി പൗരന്മാർക്ക് ജി.സി.സി രാജ്യങ്ങളിലെ രജിസ്ട്രേഷൻ സേവനവും അവരുടെ കീഴിലുള്ള സന്ദർശകരുടെയും ആശ്രിതരുടെയും പാസ്പോർട്ട്, താമസരേഖ എന്നിവയുടെ വിവിധ സേവനങ്ങളും അബ്ഷിറിൽ ലഭ്യമാക്കിയിട്ടുണ്ട്. ബോർഡർ നമ്പർ, ഇഖാമ നമ്പർ, പാസ്പോർട്ട് നമ്പർ തുടങ്ങിയ ആവശ്യമായ വിവരങ്ങൾ നൽകിയാൽ സേവനങ്ങൾ ലഭ്യമാവും.
നേരത്തേ, നോട്ടിഫിക്കേഷൻ സേവനങ്ങൾക്ക് സ്മാർട്ട് ഫോണുകളിലെ അബ്ഷിർ ആപ്ലിക്കേഷൻ വഴി നോട്ടിഫിക്കേഷൻ ആക്ടിവ് ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പാസ്പോർട്ട്, ആശ്രിതരുടെ പാസ്പോർട്ടുകൾ, ഇഖാമ, വാഹനങ്ങളുടെ ഇസ്തിമാറ, വാഹനങ്ങളുടെ ഇൻഷുറൻസ്, ട്രാഫിക് പിഴ തുടങ്ങിയ ഒട്ടുമിക്ക നിയമ രേഖകളുടെയും കാലാവധി തീരുന്നതിനുമുമ്പ് മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്ന സേവനമാണ് 'അബ്ഷിർ നോട്ടിഫിക്കേഷൻ സർവിസ്'.
ഈ സേവനം സ്മാർട്ട് ഫോണുകളിലെ അബ്ഷിർ ആപ്ലിക്കേഷനിൽ മാത്രമാണ് ലഭ്യമാവുക. സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള അപ്പോയിൻറ്മെൻറ് സേവനങ്ങളും അബ്ഷിർ വഴിയാണ് നൽകുന്നത്. ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിൽ അബ്ഷിർ, ബിസിനസ് അബ്ഷിർ, മുഖീം തുടങ്ങിയ വിവിധ വെബ് പോർട്ടലുകൾ സ്വദേശികൾക്കും വിദേശികൾക്കും ഓൺലൈൻ സേവനങ്ങൾക്കായി സജ്ജമാണ്. നിലവിൽ 18 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് അബ്ഷിറിലെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

