പെലെ, കാലത്തിനപ്പുറത്തേക്ക് വളർന്ന ഫുട്ബാൾ ഇതിഹാസം -ഡിഫ
text_fieldsഫുട്ബാൾ ഇതിഹാസം പെലെക്ക് ഡി റൂട്ട് വെപ്രോ ചലഞ്ചേഴ്സ് കപ്പ് ഫുട്ബാൾ മേളയില്‍ ആദരാഞ്ജലിയര്‍പ്പിച്ച ചടങ്ങ്
ദമ്മാം: ശൂന്യതയിൽനിന്ന് ഇതിഹാസസമാന ജീവിതത്തിലേക്ക് പറന്നുയർന്ന താരമായിരുന്നു ഫുട്ബാൾ ഇതിഹാസം പെലെയെന്ന് ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന് (ഡിഫ) അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഡിഫക്ക് കീഴിലെ എം.യു.എഫ്.സി ക്ലബ് ദമ്മാം അല്‍തറജ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഡി റൂട്ട് വെപ്രോ ചലഞ്ചേഴ്സ് കപ്പ് ഫുട്ബാൾ മേളയില്‍ പെലെയെ അനുസ്മരിച്ചതിന് ശേഷമാണ് കളികള്‍ ആരംഭിച്ചത്. ടീമുകള്‍ പെലയുടെ 10ാം നമ്പര്‍ ജഴ്സിയും പെലെക്ക് ആദരാഞ്ജലിയര്‍പ്പിച്ചുള്ള ബാനറും സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചു.
കളിക്കളത്തിലെ വ്യത്യസ്ത ഘടകങ്ങളെ സംയോജിപ്പിച്ച് ഫുട്ബാളിന്റെ മാന്ത്രികശീലുകൾ സൃഷ്ടിച്ച വിസ്മയമാണ് പെലെയെന്ന് ഡിഫ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബ്രസീലിയൻ തെരുവുകളിൽ തേച്ചുമിനുക്കിയെടുത്ത ജീവിതാനുഭവങ്ങൾ വെല്ലുവിളികളെ നേരിടുന്നതിൽ പെലെക്ക് മാനസികമായി കരുത്തുപകർന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ അണിനിരന്ന ഒരു കാലത്തുനിന്നാണ് പെലെ കാലത്തിനപ്പുറത്തേക്ക് വളർന്നത്. മറ്റുള്ളവർക്കൊന്നും നേടാൻ കഴിയാത്ത അമരത്വം അദ്ദേഹം നേടിയെടുത്തത് കളിക്കളത്തിൽ കെട്ടഴിച്ചുവിട്ട പടക്കുതിരയുടെ വീര്യം കൊണ്ടായിരുന്നു. ബ്രസീൽ അഞ്ചു തവണ ലോകകപ്പ് നേടിയപ്പോൾ അതിൽ മൂന്നുതവണയും പെലെ ടീമിലുണ്ടായിരുന്നു.
പെലെയുടെ നേതൃത്വത്തിൽ ബ്രസീൽ ധാരാളം മത്സരങ്ങൾ വിജയിച്ചു. മറ്റു രാജ്യങ്ങളിൽനിന്ന് വൻതുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്ഷണം ഉണ്ടായിട്ടും സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അദ്ദേഹത്തെ ബ്രസീൽ ഭരണകൂടം ‘രാജ്യത്തിന്റെ നിധി’യായി പ്രഖ്യാപിച്ചിരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

