അങ്കം കുറിച്ച് പ്രവാസി നേതാക്കളും
text_fieldsറിയാദ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഗോദയിൽ അങ്കത്തിന് പ്രവാസി സംഘടന നേതാക്കളും. റിയാദിൽ സാമൂഹികപ്രവർത്തന രംഗത്ത് സജീവമായിരുന്ന നിരവധി പ്രവാസികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ആഗോള സംസ്കാരങ്ങൾ സംഗമിക്കുന്ന പ്രവാസ ഭൂമികയിൽ സംഘടന പ്രവർത്തനം നടത്തിയ പരിചയസമ്പത്ത് ഇവരെ വ്യത്യസ്തരാക്കുകയാണ്.
ടി.കെ. അഷ്റഫ് പൊന്നാനി, എസ്.വി. അർഷുൽ അഹമ്മദ്, എ. ദസ്തകീർ, ഹക്കീം മരാത്ത്, കെ. അബ്ബാസ്, കളഭം രാധാകൃഷ്ണൻ, മൊയ്തീൻ കോയ കല്ലമ്പാറ, ഷൗക്കത്ത് കടമ്പോട്ട്, സി.പി. അബ്ദുറഹ്മാൻ, വി.കെ.സി. ജംഷീറ, ഉബൈദ് വാഴയിൽ, സക്കീർ മണ്ണാർമല, അബ്ദുറഹ്മാൻ പൊന്മള, അനീസ് മട്ടായ
മലപ്പുറം ഡി.സി.സി സെക്രട്ടറിയും റിയാദിൽ ആർ.ഐ.സി.സി, ഐ.സി.സി തുടങ്ങിയ കോൺഗ്രസ് പോഷക സംഘടനകളുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ ടി.കെ. അഷ്റഫ് പൊന്നാനി നഗരസഭയിലെ എട്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്. റിയാദിലെ കേളിയുടെ മുൻ രക്ഷാധികാരി എ. ദസ്തകീർ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാണ്.
സൗദി കെ.എം.സി.സി നേതാവായിരുന്ന എസ്.വി. അർശുൽ അഹമ്മദ് കോഴിക്കോട് കോർപറേഷൻ 38ാം വാർഡായ പന്നിയങ്കരയിലാണ് അങ്കം കുറിക്കുന്നത്. കേളി സ്ഥാപക നേതാക്കളിലൊരാളും നവോദയ റിയാദ് മുൻ കേന്ദ്രകമ്മിറ്റി അംഗവുമായ ഹക്കീം മരാത്ത് വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ എടരിക്കോട് ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാണ്. നവോദയ മൻഫൂഅ യൂനിറ്റ് പ്രസിഡൻറായിരുന്ന കെ. അബ്ബാസ് തൃക്കടീരി പഞ്ചായത്ത് നാലാം വാർഡിൽ ഇടതുമുന്നണിക്കുവേണ്ടി മത്സരരംഗത്തുണ്ട്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന മൊയ്തീൻ കോയ കല്ലമ്പാറ ഫറോക് മുനിസിപ്പാലിറ്റി 21ാം ഡിവിഷനിലാണ് മത്സര രംഗത്തുള്ളത്. റിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ല മുൻ പ്രസിഡൻറ് കളഭം രാധാകൃഷ്ണൻ അലനല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിലാണ് മത്സരിക്കുന്നത്.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മറ്റത്തൂർ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്. പാലക്കാട് ഒ.ഐ.സി.സി ജില്ല കമ്മിറ്റി നിർവാഹക സമിതി അംഗം അനീസ് മട്ടായ തൃത്താല പഞ്ചായത്ത് 14ാം വാർഡിൽ യു.ഡി.എഫിന് വേണ്ടിയാണ് ഗോദയിലിറങ്ങുന്നത്. കെ.എം.സി.സി തിരൂരങ്ങാടി മുൻ മണ്ഡലം പ്രസിഡൻറ് സി.പി. അബ്ദുറഹ്മാൻ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 33ാം വാർഡിൽനിന്ന് ജനവിധി തേടുന്നു. റിയാദ് കെ.എം.സി.സി വനിത വിങ് സെക്രട്ടറിയായിരുന്ന വി.കെ.സി. ജംഷീറ വളപട്ടണം ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ മത്സരിക്കുന്നു. കോൺഗ്രസ് പ്രവർത്തകനും ബത്ഹയിലെ ശിഫ അൽ ജസീറ പോളിക്ലിനിക്കിൽ ജീവനക്കാരനുമായിരുന്ന ഉബൈദ് വാഴയിൽ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്.
ഗായകെനന്ന നിലയിൽ റിയാദിൽ സുപരിചിതനും ചലച്ചിത്ര സംവിധായകൻ കൂടിയായ സക്കീർ മണ്ണാർമല പെരിന്തൽമണ്ണ ബ്ലോക്ക് കാര്യവട്ടം ഡിവിഷനിൽ സ്വതന്ത്രനായി ജനവിധി തേടുന്നു.
റിയാദിലെ പ്രവാസി സമൂഹത്തിന് സുപരിചിതരായിരുന്ന അബ്ദുറഹ്മാൻ പൊന്മള, ഹനീഫ മൂന്നിയൂർ, സമദ് സീമാടൻ, കുഞ്ഞിമുഹമ്മദ് കുറുവ, ശുകൂർ ഹാജി കാസർകോട് എന്നിവരും കൂടാതെ പല പ്രവാസികളുടെ ഭാര്യമാരും കുടുംബാംഗങ്ങളുമെല്ലാം മത്സര രംഗത്തുണ്ട്. പ്രവാസികൾക്ക് വലിയ രീതിയിലുള്ള പ്രാതിനിധ്യം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളും നൽകിയതിെൻറ സൂചന സ്ഥാനാർഥി നിർണയത്തിൽ വ്യക്തമാണ്. ഇപ്പോൾ മത്സരരംഗത്തുള്ളവരിൽ പലരും മുമ്പും സ്ഥാനാർഥികളായിട്ടുള്ളവരാണ്. സംഘടന രംഗത്തെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വിജയിപ്പിക്കുന്നതിന് വോട്ടുകൾ നൽകാനും പ്രചാരണത്തിൽ സജീവമാക്കാനും ധാരാളം പ്രവാസികൾ വോട്ടെടുപ്പിന് തൊട്ട് മുമ്പ് നാട്ടിലേക്ക് തിരിക്കാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

