ശാസ്ത്രകുതുകികളിൽ ജിജ്ഞാസയുണർത്തി ഡയലോഗ്സ് സെമിനാർ
text_fieldsജിദ്ദയിൽ ഡയലോഗ്സ് സംവാദവേദി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിൽ ഡോ. വിനീത പിള്ള
സംസാരിക്കുന്നു.
ജിദ്ദ: ജിദ്ദയിലെ ശാസ്ത്രതൽപരർക്കും വിദ്യാർഥികൾക്കുമായി ജിദ്ദ ഡയലോഗ്സ് സംവാദവേദി ‘ക്വാണ്ടം റെൽമ്സ്’ എന്ന പേരിലൊരുക്കിയ ശാസ്ത്ര സെമിനാർ, വിഷയത്തിലെ പുതുമകൊണ്ടും അവതരണമികവുകൊണ്ടും ശ്രദ്ധേയമായി. ക്വാണ്ടം ഭൗതികത്തിന്റെ നാൾവഴികളെക്കുറിച്ച് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഫിസിക്സ് വിഭാഗം മുൻമേധാവിയും പ്രഗത്ഭ ഭൗതികശാസ്ത്രാധ്യാപകനുമായ തോമസ് മരിയാദാസ് ആറക്കൽ പ്രബന്ധമവതരിപ്പിച്ചു. ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാനാശയങ്ങളെക്കുറിച്ചും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ പ്രസ്തുത ശാസ്ത്രരംഗത്ത് സംഭവിച്ച അനുക്രമമായ വികാസപരിണാമങ്ങളെക്കുറിച്ചും ചിത്രങ്ങളുടെയും ഗ്രാഫുകളുടെയും സഹായത്തോടെ അദ്ദേഹം ലളിതമായി വിശദീകരിച്ചു.
യുവഗവേഷകനായ ഋഷിദേവ് ഉണ്ണി (ജവഹർലാൽ നെഹ്റു സർവകലാശാല) ജീവശാസ്ത്ര മേഖലയുടെ സൂക്ഷ്മതലങ്ങളിൽ ക്വാണ്ടം ഭൗതികം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ജീവികളിലെ ചില രാസ, ജൈവ പ്രക്രിയകളെ ക്വാണ്ടം ഭൗതിക തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ എപ്രകാരം വിശദീകരിക്കാമെന്നും തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി. സദസ്സിൽനിന്നുയർന്ന ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.
ഡയലോഗ്സ് ചെയർമാൻ ഷാജു അത്താണിക്കൽ അധ്യക്ഷത വഹിച്ചു. ഡോ. വിനീത പിള്ള, അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി, റജിയ വീരാൻ, മുസ്തഫ മാസ്റ്റർ (ഡി.പി.എസ്), റസാഖ് മാസ്റ്റർ (മവാരിദ് സ്കൂൾ), സിമി അബ്ദുൽഖാദർ, ബിജുരാജ് രാമന്തളി, സന്തോഷ് അബ്ദുൽകരീം, അഫ്സൽ നാറാണത്ത്, ഷംറീൻ ഷബീബ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കൺവീനർ സഹീർ അബ്ദുൽഖാദർ സ്വാഗതവും ട്രഷറർ അലി അരീക്കത്ത് നന്ദിയും പറഞ്ഞു. ഹംസ മദാരി, അസൈൻ ഇല്ലിക്കൽ എന്നിവർ പ്രഭാഷകരെ സദസ്സിന് പരിചയപ്പെടുത്തി. റയ്ഹാനത്ത് സഹീർ, റീഹാൻ മദാരി, അബ്ദുൽ ഖാദർ ആലുവ എന്നിവർ യോഗ നടത്തിപ്പിൽ സഹകരിച്ചു. അദ്നു സംഘാടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

