ദഹ്റാൻ മാളിലെ തീപിടിത്തത്തിൽ 250 മില്യൺ റിയാലിന്റെ നഷ്ടപരിഹാരം
text_fieldsഅൽഖോബാർ ദഹ്റാൻ മാളിൽ 2022-ൽ ഉണ്ടായ തീപിടിത്തം ഫയർ ഫോഴ്സ് അണക്കുന്നു (ഫയൽ)
അൽഖോബാർ: കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ മാളിൽ 2022 ൽ ഉണ്ടായ തീപിടിത്തത്തിൽ 250 മില്യൺ റിയാലിന്റെ (ഏകദേശം 66.7 മില്യൺ ഡോളർ) നഷ്ടപരിഹാരം അനുവദിച്ചു. അറേബ്യൻ ഷീൽഡ് കോഓപറേറ്റീവ് ഇൻഷുറൻസ് കമ്പനിയുമായി ഈ തുകക്കുള്ള അന്തിമ ഒത്തുതീർപ്പ് കരാർ നേടിയതായി മാൾ അധികൃതർ അറിയിച്ചു.
സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുലിലേക്ക് നൽകിയ ഫയലിംഗിൽ, തീപിടിത്തത്തിൽ ഉണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരമായി അന്തിമ ഒത്തുതീർപ്പ് തുക 250 മില്യൺ സൗദി റിയാൽ ആയി നിശ്ചയിച്ചതായി കമ്പനി വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ സ്ഥിതിചെയ്യുന്ന ദഹ്റാൻ മാളിൽ 2022 മേയ് 13നു രാവിലെ ഭാഗിക തീപിടിത്തം സംഭവിച്ചു. സിവിൽ ഡിഫൻസ് സംഘങ്ങൾക്ക് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെങ്കിലും മാളിന്റെ ചില ഭാഗങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ ഒത്തുതീർപ്പ് കമ്പനിയുടെ സാമ്പത്തിക നിലയിൽ പ്രധാനമായ തിരിച്ചടിയുണ്ടാക്കില്ല എന്ന് അറേബ്യൻ ഷീൽഡ് വ്യക്തമാക്കിയിരുന്നു.
ലോകത്തെയും രാജ്യത്തിന്റെയും മുൻനിര റീ-ഇൻഷുറൻസ് പങ്കാളികളുമായുള്ള ശക്തമായ ബന്ധം അന്തിമ കരാർ നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു എന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, ഈ ഒത്തുതീർപ്പ് എല്ലാ പങ്കാളികൾക്കും ഗുണകരമായൊരു പരിഹാരമാണെന്നും 2022 മുതൽ നീണ്ടുനിന്ന പ്രസിദ്ധമായ ഒരു കേസിന്റെ അന്തിമമായ സമാപ്തിയാണിതെന്നും കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

