ദേവിക കലാക്ഷേത്ര ട്രെയിനിങ് അക്കാദമിക്ക് തുടക്കമായി
text_fieldsദേവിക കലാക്ഷേത്ര അക്കാദമിയുടെ ഉദ്ഘാടനം ഡയറക്ടർമാരായ സൗമ്യ വിനോദും
അനു രാജേഷും ചേർന്ന് നിർവഹിക്കുന്നു
ദമ്മാം: ദേവിക കലാക്ഷേത്ര 18 വർഷത്തെ പ്രവർത്തനത്തിന് ശേഷം സൗദി ഗവൺമെൻറിന്റെ അംഗീകാരത്തോടെ പൂർണ അക്കാദമിയായി പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം ദമ്മാമിലെ പൗരാവലിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർമാരായ സൗമ്യ വിനോദ്, അനു രാജേഷ് എന്നിവർ ചേർന്ന് അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കലയെ സ്നേഹിക്കുന്നവർക്ക് അവരുടെ അതിരുകളില്ലാത്ത സർഗാത്മകത വളർത്തിയെടുക്കാനുള്ള വേദിയൊരുക്കിക്കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. ഇന്ത്യൻ കലാരൂപങ്ങളെ സൗദി സമൂഹത്തിലേക്ക് കൂടുതൽ അടുത്തുകൊണ്ടുവരികയും സാംസ്കാരിക ബന്ധം ശക്തമാക്കുകയും ചെയ്യുകയാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്.
കലയുടെ ശാസ്ത്രീയതയും സൗന്ദര്യവും ഒരുമിച്ച് വിദ്യാർഥികളിൽ വളർത്തി ആത്മവിശ്വാസമുള്ള കലാകാരനെ വളർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഗുരുകുലരീതിയും ആധുനിക അധ്യാപന രീതികളും സംയോജിപ്പിച്ച് സമതുലിതമായ പഠനമുറയാണ് ഞങ്ങൾ ഒരുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വിവിധ കലാരൂപങ്ങൾക്ക് ഒരു അക്കാദമിയിൽ പരിശീലിക്കാൻ ആദ്യാവസരം കൂടിയാണിത്. യോഗ്യത നേടുന്നവർക്ക് അന്താരാഷ്ട്ര നിലവാരമുള്ള സർക്കാർ സർട്ടിഫിക്കറ്റുകൾ നൽകും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, വോക്കൽ, ഇൻസ്ട്രുമെൻറൽ, ഡ്രോയിങ് ആൻഡ് വെസ്റ്റേൺ ഡാൻസ് എന്നീ കോഴ്സുകൾ പ്രാഥമികമായി അക്കാദമിയിൽ ആരംഭിച്ചിട്ടുണ്ട്.
പുറമെ സർക്കാർ അംഗീകൃത ബോർഡുകളുടെ മാർഗനിർദേശപ്രകാരം നടത്തുന്ന ഡിപ്ലോമയും അഡ്വാൻസ്ഡ് ഡിപ്ലോമയും വിദ്യാർഥികൾക്ക് പ്രഫഷനൽ യോഗ്യത നൽകുന്നു.
ഇതോടൊപ്പം നൃത്തവസ്ത്രങ്ങൾ, ആഭരണങ്ങൾ, സ്റ്റേജ് ആക്സസറികൾ എന്നിവ വാടകക്ക് ലഭ്യമാക്കുന്ന പദ്ധതിക്കും തുടക്കമിട്ടുണ്ട്. ദമ്മാമിലെ കലാസാംസ്കാരിക, മാധ്യമ മേഖലയിലുള്ളവർ ആശംസകൾ നേർന്നു. നൗഷാദ് തഴവയും സപ്ത ശ്രീജിതും അവതാരകരായിരുന്നു. വിനോദ്, രാജഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

