മേഖലയിലെ സംഭവവികാസങ്ങൾ; കിരീടാവകാശിയും മാക്രോണും ചർച്ച നടത്തി
text_fieldsറിയാദ്: ഹൃസ്വ സന്ദർശനാർഥം സൗദിയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തി.
കുവൈറ്റ്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചതിന് ശേഷം ബുധനാഴ്ച വൈകീട്ടാണ് ഫ്രഞ്ച് പ്രസിഡന്റ് സൗദിയിലെത്തിയത്. റിയാദിലെ അൽ യമാമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ വെച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വീകരിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തുകയും, മേഖലയിലെയും ലോകത്തെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ആവശ്യമായ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ഉഭയകക്ഷി ബന്ധങ്ങളും നിലവിലുള്ള സൗദി-ഫ്രഞ്ച് സഹകരണവും ഇരുരാജ്യങ്ങളുടെയും പൊതുവായ താല്പര്യങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ വിവിധ മേഖലകളിൽ അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും വിലയിരുത്തി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ, റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, സൗദിയിലെ ഫ്രഞ്ച് അംബാസഡർ പാട്രിക് മൈസൊനേവ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

