തിരുവനന്തപുരത്തുനിന്ന് റിയാദ്, ജിദ്ദ റൂട്ടുകളിലേക്ക് വിമാന സർവിസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം
text_fieldsഅബ്ഹ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കിയിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും നിരന്തരം പ്രതിഷേധങ്ങളും നിവേദനങ്ങളുമായി രംഗത്തെത്തിയിട്ടും ബന്ധപ്പെട്ട അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നത് തെക്കൻ കേരളത്തിലെ പ്രവാസികൾക്കിടയിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും നേരിട്ടുള്ള സർവീസുകൾ പൂർണമായും അവസാനിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെയും ആലപ്പുഴയുടെ തെക്കൻ മേഖലകളിലെയും ആയിരക്കണക്കിന് പ്രവാസികളാണ് കടുത്ത യാത്രാദുരിതത്തിലായത്.
നിലവിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയോ വിദേശ രാജ്യങ്ങളിലെ ട്രാൻസിറ്റ് സർവീസുകൾ ആശ്രയിച്ചോ മാത്രമാണ് പ്രവാസികൾക്ക് നാട്ടിലെത്താൻ സാധിക്കുന്നത്. ഇത് അധിക യാത്രാസമയത്തിനും ഉയർന്ന ടിക്കറ്റ് നിരക്കിനും വഴിവെക്കുന്നതിനൊപ്പം കുടുംബസമേതമുള്ള യാത്രകളെ വലിയ സാമ്പത്തിക ബാധ്യതയാക്കി മാറ്റുകയുമാണ്.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ഉണ്ടാകുമെന്ന പ്രവാസികളുടെ പ്രതീക്ഷയ്ക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. റൂട്ടുകൾ വർധിക്കുന്നതിന് പകരം നിലവിലുണ്ടായിരുന്ന സർവീസുകൾ കൂടി റദ്ദാക്കപ്പെട്ടത് കടുത്ത നിരാശയാണ് പ്രവാസികളിൽ സൃഷ്ടിച്ചിരിക്കുന്നത്.
വിഷയത്തിെൻറ ഗൗരവം ഉൾക്കൊണ്ട് ശക്തമായ ഇടപെടലുകൾ നടത്താൻ തെക്കൻ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും തയാറായിട്ടില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാക്കൾ പോലും വിഷയത്തിൽ ആവശ്യമായ പ്രാധാന്യം നൽകിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന സൗദിയിൽ നിന്നും തെക്കൻ കേരളത്തിലേക്കുള്ള ഏക അന്താരാഷ്ട്ര കവാടമായ തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവീസുകൾ പുനഃസ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും വിമാനക്കമ്പനികളും അടിയന്തരമായി ഇടപെടണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

