പാസ്‌പോർട്ട് ഫീസ് വർധന: പ്രവാസി ലീഗൽ സെല്ലിെൻറ ഹരജിയിൽ കേന്ദ്രത്തിന് ഡൽഹി ഹൈകോടതി നിർദേശം
text_fieldsറിയാദ്/ന്യൂഡൽഹി: പ്രവാസി ഭാരതീയരുടെ പാസ്‌പോർട്ട് ഫീസ് വർധിപ്പിച്ച നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. കേരള ഘടകം വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ ഹർജി നിവേദനമായി പരിഗണിച്ച് മൂന്ന് ആഴ്ചയ്ക്കകം നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാനും തീരുമാനം സംഘടനയെ ഔദ്യോഗികമായി അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
2026 ജൂലൈ 22-ന് ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തേജസ് കാരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ അപേക്ഷകരേക്കാൾ 330 മുതൽ 359 ശതമാനം വരെ ഉയർന്ന ഫീസാണ് പ്രവാസികൾ നൽകേണ്ടിവരുന്നത്. പുറംകരാർ ഏജൻസി സർവീസ് ചാർജ്, കൊറിയർ, യാത്രാചെലവ്, തൊഴിൽദിന നഷ്ടം തുടങ്ങി സാമ്പത്തിക ബാധ്യതകൾ വേറെയുമുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഫീസ് കുറയ്ക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാധാരണ വിസക്കാർക്കും ഇളവ് അനുവദിക്കുക, നിരക്ക് വർധനയുടെ ചെലവുകണക്കുകളും ന്യായീകരണവും പരസ്യപ്പെടുത്തുക, ഔട്ട്‌സോഴ്‌സിങ് ചാർജുകൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
പ്രവാസികൾക്ക് വിദേശത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും വിസ പുതുക്കാനും അത്യന്താപേക്ഷിതമായ രേഖയാണ് പാസ്‌പോർട്ട്. അതിനാൽ ഈ ന്യായമായ ആശങ്കകൾ സമയബന്ധിതമായി പരിഗണിക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് ഏറെ പ്രാധാന്യമർഹിക്കുന്നു. സർക്കാരിൽ നിന്ന് പ്രവാസി സൗഹൃദപരമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രവാസി ലീഗൽ സെൽ പ്രതീക്ഷിക്കുന്നത്. നീതി ലഭിച്ചില്ലെങ്കിൽ നിയമപരവും ജനാധിപത്യപരവുമായ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

