ആൺ-പെൺ സഹവർത്തിത്വം; ശ്രദ്ധേയമായി സി.എൽ.പി സംവാദസദസ്സ്
text_fieldsസിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ സി.എൽ.പി സംഘടിപ്പിച്ച സംവാദസദസ്സിൽനിന്ന്
ജിദ്ദ: സ്ത്രീ, പുരുഷ സൗഹൃദത്തെ സംബന്ധിച്ച് സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ സി.എൽ.പി സംഘടിപ്പിച്ച സംവാദ സദസ്സ് ശ്രദ്ധേയമായി. കേരള സർക്കാറിന്റെ പുതിയ വിദ്യാഭ്യാസനയങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുത്ത രണ്ടു പാനലുകൾ വിഷയത്തെ എതിർത്തും അനുകൂലിച്ചുമാണ് ചർച്ചയിൽ പങ്കെടുത്തത്.
സ്ത്രീയും പുരുഷനും പ്രകൃതിപരമായിതന്നെ രണ്ടാണെന്നും കെട്ടുറപ്പുള്ള സമൂഹസൃഷ്ടിക്ക് കൃത്യമായ അതിർവരമ്പുകൾ അനിവാര്യമാണെന്നും ലിംഗവ്യത്യാസം പരിഗണിക്കാതെ തുറന്ന സൗഹൃദം കുടുംബ സാമൂഹിക ക്രമത്തിൽ ഛിദ്രതക്ക് വഴിയൊരുക്കുമെന്നും എതിർത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
എന്നാൽ, സ്ത്രീക്കും പുരുഷനും രണ്ട് അസ്തിത്വങ്ങളായി നിന്നുതന്നെ പരസ്പര ബഹുമാനാദരവുകളോടെ കഴിയാമെന്നും പടിപടിയായി നേടിയതാണ് ഇന്ന് നാമനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും കപട സദാചാരക്കണ്ണിലൂടെ കാര്യങ്ങളെ പ്രശ്നവത്കരിച്ച് നിയമം കൈയിലെടുക്കുന്നതാണ് സാമൂഹികവിപത്തെന്നും വിഷയത്തെ അനുകൂലിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കെ.എം. ഹനീഫ, മുഹമ്മദ് ബൈജു, ഷജീർ അബ്ദുൽ ഖാദർ, ഹനീഫ പാറക്കല്ലിൽ, വേങ്ങര നാസർ, ജാബിർ മീത്തൽ, റഫീഖ് പേരൂൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ് കുഞ്ഞി മോഡറേറ്ററായിരുന്നു. ബിസിനസ് സെഷനിൽ 'മണി ആറ്റിറ്റ്യൂഡ്' വിഷയത്തിൽ ഫസ്ലിൻ അബ്ദുൽ ഖാദർ സദസ്സിനോട് സംവദിച്ചു. വേങ്ങര നാസർ, ഷഹീർ കോടമ്പുഴ എന്നിവർ പ്രത്യേകം തയാറാക്കിയ പ്രസംഗങ്ങൾ അവതരിപ്പിച്ചു.
എം.എം. ഇർഷാദ്, കെ.എം. ഹനീഫ എന്നിവർ അവലോകനം നടത്തി. 'മക്തി തങ്ങളുടെ സമ്പൂർണ കൃതികൾ' പുസ്തകം ഷുക്കൂർ ചേകനൂർ നിരൂപണം നടത്തി. ജാബിർ അബ്ദുൽഖാദർ ഖുർആൻ സന്ദേശം നൽകി. സമീർ കുന്നൻ പരിപാടികൾ അവലോകനം നടത്തി. താഹിർ ജാവേദ് സ്വാഗതവും മുഹമ്മദ് ബൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

