ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം അഞ്ചുമാസത്തിന്​ ശേഷം നാട്ടിലേക്ക്​

  • പ്രവാസിയായതിന്​ ശേഷം കാൽനൂറ്റാണ്ടായി നാട്ടിൽ പോയിട്ടില്ല

റിയാദ്​: തൊഴിൽ വിസയിലെത്തി കാൽനൂറ്റാണ്ടായി നാട്ടിൽ പോകാതെ കഴിയുന്നതിനിടയിൽ ആത്​മഹത്യ ചെയ്​ത മലയാളിയുടെ മൃതദേഹം അഞ്ചുമാസത്തിന്​ ശേഷം നാട്ടിലേക്ക്​. റിയാദിൽ നിന്ന്​ 480 കിലോമീറ്ററകലെ ഹുമയാത്തിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച പന്തളം സ്വദേശി പ്രകാശ്​ വലിയതുറയിൽ ദിവാകര​​​െൻറ (53) മൃതദേഹമാണ്​ ഇത്തിഹാദ്​ വിമാനത്തിൽ ബുധനാഴ്​ച വൈകീട്ട്​ നാലോടെ റിയാദിൽ നിന്ന്​ കൊണ്ടുപോയത്​. നിർമാണ തൊഴിലാളിയായി ഹുമയാത്തിലെത്തിയ ഇയാൾ പിന്നീട്​ സ്​പോൺസറുടെ ടയർ പഞ്ചർ വർക്​ഷോപ്പും അതിനോട്​ ചേർന്നുള്ള സ്പെയർപാർട്​സ്​ കടയും നോക്കി നടത്തുകയായിരുന്നു. പിതാവ്​ നേരത്തെ മരിച്ചതിനാൽ​ കുടുംബ പ്രാരാബ്​ദം ചുമലിലേറ്റിയാണ്​ സൗദിയിലെത്തിയത്​. സഹോദരിമാരുടെ വിവാഹം നടത്താനും മറ്റുമുള്ള പണമുണ്ടാക്കുന്നതിൽ ശ്രദ്ധ ചെലുത്തിയതുകൊണ്ട്​​ നാട്ടിൽ പോകുന്ന കാര്യം പോലും മറന്നുപോയി. അമ്മ ശരീരം തളർന്നുകിടപ്പിലാണ്​. നാല്​ സഹോദരിമാരുടെയും വിവാഹം കഴിഞ്ഞു. ഏക സഹോദര​​​െൻറ ജീവിതവും കരുപിടിപ്പിച്ചു. നാട്ടിൽ പോകാതിരുന്നതുകൊണ്ട്​ പ്രകാശന്​ വിവാഹ ജീവിതവുമുണ്ടായില്ല. അമ്മയെ ബാധിച്ച അതേ അസുഖം ഒന്നര വർഷം മുമ്പ്​ പ്രകാശിനുമുണ്ടായി ശരീരത്തി​​​െൻറ വലതുവശം തളർന്നു. അതോടെ കടയിൽ ജോലിക്കുപോകാനാവാതെ മുറിയിൽ കിടപ്പിലായി. നോക്കിനടത്താൻ ആളില്ലാത്തതിനാൽ കടയടച്ചെങ്കിലും സ്​പോൺസർ കൃത്യമായി ശമ്പളം കൊടുത്തിരുന്നു. അവസാനത്തെ നാലഞ്ചുമാസത്തെ ശമ്പളം മാത്രമാണ്​ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നത്​. തളർന്നുകിടപ്പിലായപ്പോൾ തൊട്ടടുത്ത കടകളിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളായ ജോഷി, അബ്​ദുറഹീം എന്നിവരാണ്​ ഭക്ഷണം കൊണ്ടുകൊടുത്തിരുന്നതും പരിചരിച്ചിരുന്നതും. അവർ നാട്ടിൽ നിന്ന്​ വരുത്തിയ തൈലവും മറ്റും ഉപയോഗിച്ച്​ തിരുമ്മി പതിയെ എഴുന്നേറ്റ്​ നടക്കുന്ന അവസ്ഥയിലേക്ക്​ ആരോഗ്യം മെച്ചപ്പെട്ടു. പൂർണാരോഗ്യത്തിലേക്ക്​ മടങ്ങുന്നതിനിടയിലാണ്​ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്​. നാലുദിവസത്തിന്​ ശേഷം ദുർഗന്ധം വമിച്ചപ്പോഴാണ്​ ചുറ്റുപാടുമുള്ളവർ വിവരമറിഞ്ഞത്​. അഫീഫ്​ ജനറൽ ആശുപത്രിയിലേക്ക്​ മാറ്റിയ മൃതദേഹം ഇവിടെ മോർച്ചറിയിൽ ഇക്കാലമത്രയും കിടക്കുകയായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന്​ ലഭിച്ച വിവരത്തി​​​െൻറ അടിസ്ഥാനത്തിൽ അഫീഫ്​ മലയാളി സമാജം പ്രവർത്തകരായ ഷാജി ആലുവയും റഷീദ്​ അരീക്കോടും മോർച്ചറിയിലെത്തി മൃതദേഹം ഏറ്റെടുക്കുകയും നാട്ടിൽ അയക്കുന്നതിനുള്ള നടപടിയാരംഭിക്കുകയും ചെയ്യുകയായിരുന്നു. പേരല്ലാതെ മറ്റൊരു വിവരവും ആശുപത്രി രേഖകളില്ലായിരുന്നു. ഷാജി ഫേസ്​ബുക്കിൽ പോസ്​റ്റിട്ടാണ്​ പ്രകാശ​​​െൻറ നാടും ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങളും തേടിപ്പിച്ചത്​. എംബസി ഉദ്യോഗസ്ഥൻ ശിവപ്രസാദും ആവശ്യമായ സഹായങ്ങൾ നൽകി. വ്യാഴാഴ്​ച പുലർച്ചെ നാലോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കളായ സാം, പ്രേംകുമാർ എന്നിവർ ഏറ്റുവാങ്ങും. കുടിശിക ശമ്പളം സ്​പോൺസർ എംബസിയെ ഏൽപിച്ചു. അത്​ കുടുംബത്തിന്​ എത്തിച്ചുകൊടുക്കും.

 

Loading...
COMMENTS