മയക്കുമരുന്ന് കടത്തിന് വധശിക്ഷ: ഗൾഫ് രാജ്യങ്ങളിൽ പുതിയ ഏകീകൃത നിയമം വരുന്നു
text_fieldsറിയാദ്: മയക്കുമരുന്ന് വ്യാപാരവും ലഹരിമരുന്ന് ദുരുപയോഗവും കർശനമായി തടയുന്നതിനായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ തയ്യാറാക്കിയ പരിഷ്കരിച്ച നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ലഹരിക്കടത്ത് നടത്തുന്നവർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ ശിക്ഷകളാണ് പുതിയ നിയമത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. മയക്കുമരുന്നുകളുടെ ഇറക്കുമതി, കയറ്റുമതി, കൈമാറ്റം എന്നിവയിൽ വലിയ നിയന്ത്രണങ്ങളാണ് ഇനി മുതൽ നിലവിൽ വരിക.
പുതിയ നിയമമനുസരിച്ച് സർക്കാർ സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ കേന്ദ്രങ്ങൾ, ലൈസൻസുള്ള ആശുപത്രികൾ, ഫാർമസികൾ തുടങ്ങി ആറ് നിശ്ചിത വിഭാഗങ്ങൾക്ക് മാത്രമേ ലഹരി അംശമുള്ള മരുന്നുകൾ കൈകാര്യം ചെയ്യാൻ അനുമതിയുള്ളൂ. ഇത്തരം മരുന്നുകളുടെ പൂർണ്ണ ഉത്തരവാദിത്തം ഒരു ഫാർമസിസ്റ്റിനായിരിക്കും.
ആരോഗ്യ മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം വസ്തുക്കൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ പാടില്ല. രോഗികൾക്ക് ലഹരി അംശമുള്ള മരുന്നുകൾ നൽകണമെങ്കിൽ ഡോക്ടറുടെ പ്രത്യേക കുറിപ്പടി നിർബന്ധമാണ്. ഈ കുറിപ്പടിക്ക് മൂന്ന് ദിവസത്തെ കാലാവധി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രോഗികൾക്ക് അനുവദിച്ച മരുന്നുകൾ മറ്റൊരാൾക്ക് കൈമാറുന്നത് ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കും.
ശിക്ഷാനടപടികളുടെ കാര്യത്തിലും നിയമം അതീവ കർശനമാണ്. ലഹരിക്കടത്ത് നടത്തുന്നവർക്കും ഇവ കൃഷി ചെയ്യുന്നവർക്കും വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. ഇതിന് പുറമെ അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ഒടുക്കേണ്ടി വരും. കുറ്റം ആവർത്തിക്കുന്നവർക്കും ലഹരി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തന്നെ ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളായാലും വധശിക്ഷ ഉറപ്പാക്കും. ലഹരി വിൽക്കുന്നവർക്കും അത് ഉപയോഗിക്കാൻ സ്ഥലം നൽകുന്നവർക്കും പത്ത് മുതൽ പതിനഞ്ച് വർഷം വരെ തടവ് ലഭിക്കുമ്പോൾ, സ്വന്തം ഉപയോഗത്തിനായി ലഹരി കൈവശം വെക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
അതേസമയം, ലഹരിക്ക് അടിമപ്പെട്ടവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരവും നിയമം നൽകുന്നുണ്ട്. ഇവർ സ്വമേധയാ ചികിത്സയ്ക്കായി പുനരധിവാസ കേന്ദ്രങ്ങളിൽ എത്തിയാൽ അവർക്കെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകില്ല. ഇവർക്ക് രണ്ട് വർഷം വരെ ചികിത്സ നൽകും.
രോഗിയുടെ പങ്കാളിയോ അടുത്ത ബന്ധുക്കളോ വിവരം അധികൃതരെ അറിയിച്ചാലും കേസിൽ നിന്ന് ഇളവ് ലഭിക്കും. മയക്കുമരുന്ന് വേട്ടയിൽ അധികൃതരെ സഹായിക്കുന്നവർക്കും കൃത്യമായ വിവരം നൽകുന്നവർക്കും പ്രത്യേക പ്രതിഫലം നൽകാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

