ജമീലുമ്മക്ക് ജിസാനിൽ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
text_fieldsജമീല
ജിസാൻ: ഹൃദയാഘാതം മൂലം ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജിസാനിൽ നിര്യാതയായ താനൂർ ഓലപ്പീടിക സ്വദേശിനി ജമീലക്ക് (55) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. അഞ്ചു മാസം മുമ്പ് സന്ദർശന വിസയിൽ ജിസാനിലുള്ള മകന്റെ അടുത്തേക്ക് വന്നതായിരുന്നു ജമീലയും ഭർത്താവ് അലവിയും. ശേഷം അപ്രതീക്ഷിതമായുണ്ടായ ജമീലയുടെ വിയോഗം കുടുംബത്തെ ഏറെ ദുഃഖത്തിലാഴ്ത്തി.
ജിസാനിലെ സാംപ്കോ കമ്പനിയിലാണ് മകൻ ഹംസത്തുൽ സൈഫുല്ല ജോലി ചെയ്യുന്നത്. കമ്പനി ജീവനക്കാരടക്കം സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് ആളുകളാണ് പഴയ അൽഗരാവി മാർക്കറ്റിന് മുൻവശമുള്ള അമീറസീത്ത മസ്ജിദിൽ നടന്ന ജമീലയുടെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തത്. ശേഷം മഗാരിയയിലെ കൊക്കകോള കമ്പനിക്കടുത്തുള്ള മഖ്ബറയിൽ മൃതദേഹം ഖബറടക്കി.
ഉമ്മയെ അവസാനമായി ഒരുനോക്ക് കാണുന്നതിനായി പെൺമക്കളായ സജീന, ജസീന, നസീന, റുബീന എന്നിവർ നാട്ടിൽനിന്ന് ജിസാനിൽ എത്തിയിരുന്നു. ഏക മകൻ സൈഫുല്ല അടക്കം അഞ്ചു മക്കളാണ് ഇവർക്കുള്ളത്. ജിസാനിൽ സൈഫുല്ലയുടെ ഭാര്യ ഷംന സനയും മക്കളായ അശ്റഫ്, ശംസുദ്ദീൻ, റഫീഖ്, അസീസ് എന്നിവരുമുണ്ട്.കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗത്തിന്റെ പ്രവർത്തനമാണ് മരണാനന്തര നിയമനടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിച്ചത്. പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, അബ്ദുൽ ഗഫൂർ മൂന്നിയൂർ, സിറാജ് പുല്ലൂരാൻപാറ, ബന്ധു നിസാർ സാഗർ, സാംപ്കോ കമ്പനി ഉടമ കെ.പി. പ്രവീൺ, സൂപ്പർവൈസർ സൂരജ് എന്നിവർ സഹായവുമായി രംഗത്തുണ്ടായിരുന്നു.
കെ.എം.സി.സി നേതാക്കളായ ഹാരിസ് കല്ലായി, ഗഫൂർ വാവൂർ, മൻസൂർ നാലകത്ത്, ജസ്മൽ വളമംഗലം, ബഷീർ ആക്കോട്, ശംസു സാംത്ത, സിറാജ് കുറ്റ്യാടി (ഐ.സി.എഫ്), ഫൈസൽ മേലാറ്റൂർ (ജല), സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബന്ധുക്കൾ തുടങ്ങി നിരവധി പേർ മയ്യിത്ത് നമസ്കാരത്തിനും ഖബറടക്ക ചടങ്ങിനുമായി എത്തിയിരുന്നു. മുസ്തഫ സഅദി പ്രാർഥനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

