യാംബു: പി.ടി. തോമസിെൻറ നിര്യാണത്തിൽ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി അനുശോചിച്ചു. സൗമ്യമായ പെരുമാറ്റവും നിശ്ചയദാർഢ്യവും അച്ചടക്കവും വേണ്ടുവോളമുള്ള രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡൻറ് ശങ്കർ എളങ്കൂർ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ മുഹമ്മദ് അബ്ദുറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റിന് കെട്ടിടം പണിയുന്നതിന് അദ്ദേഹത്തിെൻറ താൽപര്യം വളരെ വലുതായിരുന്നു. ഈ കെട്ടിടത്തിനാവശ്യമായ സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, കെട്ടിടനിർമാണ പൂർത്തീകരണം കാണാൻ അദ്ദേഹത്തിന് കഴിയാതെ പോയി. വേർപാട് നാടിന് വലിയ നഷ്ടമാണെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചന സന്ദേശത്തിൽ നാഷനൽ കമ്മിറ്റി അറിയിച്ചു.
പകരംവെക്കാനില്ലാത്ത നേതാവ് –റിയാദ് ഒ.െഎ.സി.സി
റിയാദ്: കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. പൊതുവിഷയങ്ങളിൽ കർക്കശ നിലപാടെടുക്കുന്ന പി.ടി പകരംവെക്കാനില്ലാത്ത നേതാവാണെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് വിയോഗത്തോടെ ഉണ്ടായത്. ഏതു വിഷയങ്ങളിലും ശരി മാത്രം നോക്കി വ്യക്തിപരമായ താൽപര്യങ്ങൾ മാറ്റിവെച്ച് അഭിപ്രായങ്ങൾ പറയുന്നതിൽ ഒരുമടിയും കാണിച്ചില്ല. കറകളഞ്ഞ മതേതരവാദി, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ വേറിട്ട വ്യക്തിത്വമായിരുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ നടത്തിയ പോരാട്ടം വ്യക്തിപരമായും രാഷ്ട്രീയമായും വലിയ നഷ്ടമുണ്ടാകും എന്ന് തിരിച്ചറിഞ്ഞിട്ടും തെൻറ നിലപാടിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയാറായില്ല. പി.ടിയുടെ വിയോഗം പാർട്ടിക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
'ഉന്നതമൂല്യം ഉയർത്തിപ്പിടിച്ചു'
റിയാദ്: രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഉന്നതമൂല്യം ഉയർത്തിപ്പിടിക്കുകയും നിലപാടുകളില്‍ വിട്ടുവീഴ്ചചെയ്യാതെ മുന്നോട്ടുപോകുകയും ചെയ്ത നേതാവാണ് പി.ടി. തോമസെന്ന് റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി അനുസ്മരിച്ചു. പരിസ്ഥിതി, സ്ത്രീസുരക്ഷ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ അദ്ദേഹത്തെ വേറിട്ടുനിർത്തി. പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരുന്നു. കറകളഞ്ഞ മതേതര വ്യക്തിത്വത്തിെൻറ ഉടമയുമായിരുന്നു. അദ്ദേഹത്തിെൻറ വിയോഗത്തിൽ അനുശോചിക്കുന്നതായും ജില്ല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
അനുശോചിച്ചു
ജുബൈൽ: ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മൂവാറ്റുപുഴ അനുശോചിച്ചു. ഏറ്റെടുക്കുന്ന വിഷയത്തിൽ അവസാനം വരെ പോരാടുന്ന വ്യക്തിത്വമായിരുന്നു. തെൻറ മണ്ഡലത്തിലുള്ള പ്രവാസികളുടെ കാര്യങ്ങൾ അദ്ദേഹം നിരന്തരം അേന്വഷിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തോടൊപ്പം പ്രചാരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പി.ടിയുടെ നഷ്ടം കോൺഗ്രസിനും മതേതര സമൂഹത്തിനും നികത്താനാവാത്തതാണെന്നും അഷ്റഫ് മൂവാറ്റുപുഴ പറഞ്ഞു.