വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsമുഹമ്മദ് റാഫി
ബുറൈദ: അമിത വേഗത്തിൽ പിറകിലേക്കെടുത്ത സ്വദേശി പൗരന്റെ വാഹനം തട്ടി മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. അപകടത്തിൽ ഗുരുതര പരിക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയുടെ (54) മൃതദേഹം ബുറൈദ ഖലീജ് ഖബർസ്ഥാനിൽ ഖബറടക്കി.
പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം നിയമനടപടികൾ പൂർത്തിയാക്കി. ഒക്ടോബർ 28നായിരുന്നു അപകടം. പിറകിൽനിന്നും അമിത വേഗത്തിൽ വന്ന കാർ റാഫിയെ ഇടിക്കുകയായിരുന്നു. ഉടൻ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചാം ദിവസം മരിച്ചു.
കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ - ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. 32 വർഷമായി ബുറൈദയിൽ തയ്യൽ ജോലി ചെയ്യുകയായിരുന്നു. ഖസീം പ്രവാസി സംഘം ശാര സനാഇയ യൂനിറ്റ് അംഗമായിരുന്നു റാഫി. ഭാര്യ: ഹാജറ. മക്കൾ: അനസ്, അനീഷ്, റഫാൻ.

