ദാവോസ് സാമ്പത്തിക ഫോറം; മതസംവാദത്തിന് കരുത്തേകി ഡോ. മുഹമ്മദ് അൽ ഇസ്സയുടെ സമാപന പ്രസംഗം
text_fieldsദാവോസ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ മുസ്ലിം
വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഇസ്സ
സംസാരിക്കുന്നു
സ്വന്തം ലേഖകൻ
ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന 2026-ലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ മതപരവും ബൗദ്ധികവുമായ പങ്കാളിത്തത്തെക്കുറിച്ചുള്ള സമാപന പ്രസംഗം മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഇസ്സ നിർവഹിച്ചു. ആഗോളതലത്തിൽ സമാധാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ മുസ്ലിം വേൾഡ് ലീഗ് കൈവരിച്ച നിർണായക നേട്ടങ്ങൾ അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു.
സാംസ്കാരിക വിടവുകൾ നികത്തുന്നതിനായി ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ നടപ്പാക്കിയ ‘കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ധാരണയുടെ പാലങ്ങൾ നിർമിക്കൽ’ എന്ന സംരംഭത്തെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഇസ്ലാം കേവലം ഒരു വിശ്വാസമല്ല, മറിച്ച് മനുഷ്യന്റെ അന്തസ്സിനും ഉത്തരവാദിത്തങ്ങൾക്കും മുൻഗണന നൽകുന്ന സമഗ്രമായ ഒരു ധാർമിക വ്യവസ്ഥയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വംശ-മത വിവേചനമില്ലാതെ നീതി നടപ്പാക്കുക എന്നത് സാമൂഹിക സ്ഥിരതക്ക് അത്യന്താപേക്ഷിതമാണെന്നും കാരുണ്യമാണ് ഇസ്ലാമിക ലോകവീക്ഷണത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹിഷ്ണുതയും സമാധാനവും വെറുമൊരു വാക്കല്ല, മറിച്ച് മനുഷ്യബന്ധങ്ങളുടെ സ്വാഭാവികമായ മാനദണ്ഡമാകണം. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും വിഭാവനം ചെയ്യുന്ന മാനുഷിക തത്ത്വങ്ങളുമായി ഇസ്ലാം പൂർണമായും യോജിച്ചുപോകുന്നുവെന്ന് ഡോ. അൽ ഇസ്സ ചൂണ്ടിക്കാട്ടി.
ലോകനേതാക്കളും സാമ്പത്തിക വിദഗ്ധരും പങ്കെടുത്ത ചടങ്ങിൽ, ആഗോള വെല്ലുവിളികൾ നേരിടാൻ മതപരമായ മൂല്യങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്നതിന് ഡോ. അൽ ഇസ്സയുടെ പ്രസംഗം പുതിയൊരു ദിശാബോധം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

